image

19 Dec 2024 12:31 PM GMT

Commodity

നാളികേരോല്‍പ്പന്നവില കുതിച്ചു; കുരുമുളക് വീണ്ടും താഴേക്ക്

MyFin Desk

നാളികേരോല്‍പ്പന്നവില കുതിച്ചു;  കുരുമുളക് വീണ്ടും താഴേക്ക്
X

Summary

  • ഏലം വില ഉയര്‍ന്നു
  • കുരുമുളക് കുറഞ്ഞത് ക്വിന്റലിന് 200 രൂപ


സംസ്ഥാനത്ത് നാളികേരാല്‍പ്പന്നങ്ങളുടെ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ക്രിസ്മസ് അടുത്തതോടെ പ്രദേശിക മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണയ്ക്ക് പതിവിലും ഡിമാന്റ് ഉയര്‍ന്നത് കണ്ട് തമിഴ്‌നാട്ടിലെ വന്‍കിട മില്ലുകാര്‍ നിരക്ക് ഉയര്‍ത്തി. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 100 രൂപകയറി 21,400 രൂപയായി. കൊപ്രവില 14,000രൂപയായി. കാങ്കയം മാര്‍ക്കറ്റില്‍ എണ്ണവിലയില്‍ ഇന്ന് മാറ്റം സംഭവിച്ചില്ലെങ്കിലും മില്ലുകാര്‍ കൊപ്രശേഖരിക്കാന്‍ ഉത്സാഹിച്ചത് വിലക്കയറ്റത്തിന് വഴിതെളിച്ചു.

പ്രതികൂല കാലാവസ്ഥയില്‍ തായ്‌ലണ്ടില്‍ റബര്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. ഈ മാസം പലഭാഗങ്ങളിലും റബര്‍ ടാപ്പിങിന് അവസരം ലഭിക്കാതെ ഉല്‍പാദകര്‍ തോട്ടങ്ങളില്‍ നിന്നും വിട്ടു നിന്നതിനാല്‍ മൊത്തം ഉല്‍പാദനത്തില്‍ ഏകദേശം ഒന്നരലക്ഷം ടണ്ണിന്റെ കുറവ് സംഭവിക്കുമെന്നാണ് ആദ്യ വിലയിരുത്തല്‍. ഉല്‍പാദനം സംബന്ധിച്ച് പ്രതികൂല വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ടയര്‍ വ്യവസായികളില്‍ നിന്നുള്ള ഡിമാന്റ് മങ്ങിയത് ബാങ്കോക്കില്‍ റബര്‍ 20,789രൂപയില്‍ നിന്നും 20,438 രൂപയായി താഴാന്‍ ഇടയാക്കി. കൊച്ചിയില്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് റബര്‍ 18,900 രൂപയില്‍ വിപണനം നടന്നു.

ഏലത്തിന് കയറ്റുമതി മേഖലയില്‍ നിന്നുള്ള ആവശ്യം ഉയര്‍ന്നത് മികച്ചയിനങ്ങളുടെ വിലക്കയറ്റത്തിന് വഴിതെളിച്ചു. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ 45,104 കിലോ ഏലക്ക വന്നതില്‍ 42,854 കിലോയും വിറ്റഴിഞ്ഞു. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 3302രൂപയായി കയറി. ശരാശരി ഇനങ്ങള്‍ 2904 രൂപയിലും ഇടപാടുകള്‍ നടന്നു. ക്രിസ്മസ് അടുത്തതോടെ പ്രദേശിക തലത്തിലും ഏലത്തിന് ആവശ്യക്കാരുണ്ട്.

കുരുമുളക് വില വീണ്ടും കുറഞ്ഞു. അന്തര്‍ സംസ്ഥാന വാങ്ങലുകാര്‍ രംഗത്ത് നിന്നും അല്‍പ്പം പിന്‍വലിഞ്ഞത് മൂലം ഉല്‍പ്പന്നവില തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റലിന് 200 രൂപ കുറഞ്ഞ് 64,100 രൂപയായി.