image

20 Feb 2025 11:58 AM

Commodity

കുരുമുളക് വിലയിൽ ഇടിവ് , സജീവമായി ഏലക്ക വിപണി; അറിയാം ഇന്നത്തെ വില നിലവാരം

MyFin Desk

commodity market rate updation
X

ആഭ്യന്തര വിദേശ ഇടപാടുകാർ ഈസ്‌റ്ററും വിഷും മുന്നിൽ കണ്ട്‌ ഏലക്ക ശേഖരിക്കാൻ ഉത്സാഹിച്ചു. ഉത്സവ വേളയിൽ ഉൽപ്പന്നത്തിന്‌ ഡിമാൻറ്‌ ഉയരുമെന്ന പ്രതീക്ഷയിൽ ഉൽപാദന മേഖല ചരക്ക്‌ സംഭരിച്ചിട്ടുണ്ട്‌. ഉൽപാദന മേഖലയുമായി ബന്‌ധപ്പെട്ട മദ്ധ്യവർത്തികളും മുന്നിലുള്ള മാസങ്ങളിൽ ഏലം മികവ്‌ കാണിക്കുമെന്ന വിശ്വാസത്തിലാണ്‌. തോട്ടങ്ങളിൽ നിന്നും ലേല കേന്ദ്രങ്ങളിലേയ്‌ക്കുള്ള ഏലം വരവ്‌ മാസാരംഭത്തെ അപേക്ഷിച്ച്‌ കുറഞ്ഞത്‌ ആഭ്യന്തര വാങ്ങലുകാരിൽ പിരിമുറുക്കമുളവാക്കുന്നു. എന്നാൽ നിരക്ക്‌ ഉയർത്താൻ അവർ തയ്യാറായില്ല. പിന്നിട്ട പതിനാല്‌ ലേലങ്ങളിൽ ഒരു തവണ പോലും കിലോ 3000 രൂപയ്‌ക്ക്‌ ചുവടുവെക്കാൻ ശരാശരി ഇനങ്ങൾക്കായില്ല. ഇന്ന്‌ ശരാശരി ഇനങ്ങൾ കിലോ 2880 രൂപയിലും വലിപ്പം കൂടിയവ കിലോ 3242 രൂപയിൽ കൈമാറി. മൊത്തം 42,351 കിലോഗ്രാം ഏലക്ക ആഭ്യന്തര വിദേശ വാങ്ങലുകാർ ചേർന്ന്‌ ശേഖരിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏതാനും ദിവസങ്ങളായി കുരുമുളകിന്‌ ആവശ്യകാർ കുറഞ്ഞു. ഹൈറേഞ്ചിലും മറ്റ്‌ ഭാഗങ്ങളിലും കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിക്കുന്ന സാഹചര്യത്തിൽ ചരക്ക്‌ വരവ്‌ ഉയരുമെന്ന പ്രതീക്ഷയിലാണ്‌ വാങ്ങലുകാർ രംഗത്ത്‌ നിന്ന്‌ അകന്ന്‌ വില ഇടിക്കാൻ ശ്രമം നടത്തുന്നത്‌. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുറഞ്ഞതിനാൽ വിപണി കരുത്ത്‌ നിലനിർത്തുമെന്ന വിശ്വാസത്തിലാണ്‌ കാർഷിക മേഖല. അതേ സമയം വാങ്ങൽ താൽപര്യം ചുരുങ്ങിയതിനാൽ അൺ ഗാർബിൾഡ്‌ മുളക്‌ വില 65,300 രൂപയായി താഴ്‌ന്നു.

അമേരിക്ക ‐ ചൈന വ്യാപാര യുദ്ധം റബർ ഉൽപാദന രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നു. ഉയർന്ന നികുതി ഭയന്ന്‌ ചൈനീസ്‌ വ്യവസായികൾ രാജ്യാന്തര മാർക്കറ്റിൽ നിന്നുള്ള ഷീറ്റ്‌ സംഭരണം കുറച്ചത്‌ വിലയെ ബാധിക്കുമോയെന്ന ഭീതിയിലാണ്‌ ഉൽപാദകർ. ആഗോള റബർ വിപണിയിൽ വൻശക്തിയായി മാറുന്നു വിയെറ്റ്‌നാമിൽ നിന്നുള്ള ഷീറ്റ്‌ സംഭരണം ബീജിങിലെ വ്യവസായികൾ കുറച്ചത്‌ ആശങ്ക ഉളവാക്കി. അതേ സമയം തുടർച്ചയായ മൂന്നാം ദിവസവും ബാങ്കോക്കിൽ റബർ വില ഉയർന്ന്‌ 21,023 രൂപയായി, കേരളത്തിൽ നാലാം ഗ്രേഡ്‌ 19,000 രൂപയിൽ സ്‌റ്റെഡിയാണ്‌.