image

18 Feb 2025 12:14 PM

Commodity

വെളിച്ചണ്ണയ്ക്കും റബറിനും മാറ്റമില്ല‌, കുരുമുളക് വില കുതിക്കുന്നു

MyFin Desk

COMMODITY
X

ഹൈറേഞ്ചിലെ കാലാവസ്ഥയിൽ നാല്‌ പതിറ്റാണ്ടിനിടയിലുണ്ടായ മാറ്റം കാർഷികോൽപാദനത്തിൽ വിള്ളലുളവാക്കുന്നു. വേനൽ ശക്തി പ്രാപിച്ചതും മഴയുടെ അളവ്‌ കുറഞ്ഞതും മലയോര മേഖലയിലെ ജലസ്രോതസ്സ് കുറച്ചു. കാലാവസ്ഥയിലെ ഈ മാറ്റം ഏലം കൃഷിക്കാണ്‌ കനത്ത തിരിച്ചടിയായത്‌. നിലവിലെ ഉയർന്ന താപനിലയും മഴയുടെ അഭാവം മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും ശരങ്ങൾ കരിഞ്ഞ്‌ ഉണങ്ങുകയാണ്‌. ഏലത്തെ സംരക്ഷിക്കാൻ കൃത്രിമ മാർഗ്ഗങ്ങളിലുടെ തണൽ വിരിച്ച്‌ കൃഷി നടത്തുക കനത്ത സാമ്പത്തിക നഷ്‌ടത്തിനും ഇടയാക്കുന്നു. നിലവിലെ സാഹചര്യത്തിൽ അടുത്ത സീസണിലെ വിളവ്‌ കുറയാൻ കാരണമാവും. ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ 55,829 കിലോയുടെ കൈമാറ്റം നടന്നു. വലിപ്പം കൂടിയ ഇനം കിലോ 3146 രൂപയിലും ശരാശരി ഇനങ്ങൾ 2945 രൂപയിലുമാണ്‌. ആഭ്യന്തര വിദേശ വാങ്ങലുകാർ ലേലത്തിൽ സജീവമായിരുന്നു.

കാർഷിക മേഖലയിൽ കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിച്ചതോടെ ചരക്ക്‌ വിറ്റുമാറാൻ ഉൽപാദകർ താൽപര്യം കാണിച്ചു തുടങ്ങി. കൊച്ചി മാർക്കറ്റിൽ നിത്യേനെ ശരാശരി 45 ടൺ കുരുമുളക്‌ വിൽപ്പനയ്‌ക്ക്‌ എത്തുന്നുണ്ട്‌, എന്നാൽ ഇതിൽ ഒരു പങ്ക്‌ കഴിഞ്ഞ സീസണിലെ ആഭ്യന്തര വിദേശ ചരക്കും ഉൾപ്പെടുന്നു. വിപണിയുടെ ഒരു വ്യാഴവട്ടത്തെ ചരിത്രം വിലയിരുത്തിയാൽ സീസൺ കാലയളവിൽ ആദ്യമായി കുരുമുളക്‌ ക്വിൻറ്റലിന്‌ 65,000 രൂപയ്‌ക്ക്‌ മുകളിൽ കൈമാറ്റത്തിന്‌ കർഷകർക്ക്‌ അവസരം നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യവസായികൾ നാടൻ മുളക്‌ ശേഖരിക്കാൻ രംഗത്തുണ്ട്‌. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 65,600 രൂപ.

ജപ്പാനിൽ റബർ അവധി നിരക്കുകൾ ഉയരുമെന്ന പ്രതീക്ഷ നിക്ഷേപകർ നിലനിർത്തുമ്പോഴും ചൈനീസ്‌ ടയർ വ്യവസായികളിൽ നിന്നുള്ള തണുപ്പൻ മനോഭാവം രാജ്യാന്തര വ്യാപാര രംഗത്ത്‌ മ്ലാനത പരത്തി. ജപ്പാനിൽ യെന്നിൻറ മൂല്യം കരുത്ത്‌ നേടിയത്‌ റബറിന്‌ താങ്ങ്‌ പകരുമെന്ന്‌ ഉൽപാദന രാജ്യങ്ങൾ കണക്ക്‌ കൂട്ടിയെങ്കിലും ഷീറ്റിനെ ബാധിച്ച പ്രതിസന്‌ധി വിട്ടുമാറുന്നില്ല. ബാങ്കോക്കിൽ റബർ 20,851 രൂപയിലും കേരളത്തിൽ നാലാം ഗ്രേഡ്‌ 19,000 രൂപയിലുമാണ്‌. തോട്ടം മേഖലയെ ബാധിച്ച വരൾച്ച മുൻ നിർത്തി പല ഭാഗങ്ങളിലും ഉൽപാദകർ റബർ ടാപ്പിങ്‌ നിന്നും പിന്നോക്കം വലിയുന്നു. ജൂൺ വരെയുള്ള നാല്‌ മാസങ്ങളിൽ റബർ ടാപ്പിങ്‌ പൂർണമായി സ്‌തംഭിക്കുന്നത്‌ ഉയർന്ന വിലയ്‌ക്ക്‌ അവസരം ഒരുക്കാം.