4 Sep 2023 11:45 AM GMT
Summary
- നാളികേരോല്‍പ്പന്നങ്ങളുടെ വിലകളില്‍ മാറ്റമില്ല. കൊച്ചിയില്‍ വെളിച്ചെണ്ണ 12,500 ലും പാമോയില്‍ വില 8700 രൂപയിലും സ്റ്റെഡിയാണ്.
രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയരുന്നതിനാല്‍ ആഭ്യന്തര വിപണിയിലെ ഓരോ ചലനങ്ങളും ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്. പിന്നിട്ടവാരം ടയര്‍ വ്യവസായികള്‍ ക്വിന്റ്റലിന് 300 രൂപ ഉയര്‍ത്തിയാണ് നാലാം ഗ്രേഡ് ശേഖരിച്ചത്. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടത്ത് ടാപ്പിങിന് തടസം ഉളവാക്കുമോയെന്ന ഭീതിയില്‍ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ഷീറ്റ് നീക്കം നിയന്ത്രിച്ചു. കൊച്ചിയില്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ഷീറ്റ് വില 100 രൂപ ഉയര്‍ത്തി 14,900 ന് ശേഖരിച്ചു. റബര്‍ ഉത്പാദന രംഗത്തെ ശോഷിപ്പ് കണക്കിലെടുത്താല്‍ വില ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരികളും. ചൈനീസ് വിപണിയില്‍ പിന്നിട്ടവാരം നാലാം ഗ്രേഡിന് കിലോ എട്ട് രൂപയാണ് ഉയര്‍ന്നത്.
ഉഷാറില്ലാതെ കുരുമുളക്
കഴിഞ്ഞ ആഴ്ചയില്‍ കുരുമുളക് വില കുറഞ്ഞത് മുന്‍നിര്‍ത്തി കര്‍ഷകര്‍ സ്റ്റോക്കുള്ള ചരക്ക് വിപണിയില്‍ ഇറക്കാന്‍ ഉത്സാഹം കാണിച്ചില്ല. അടുത്ത വര്‍ഷം ഉല്‍പാദനം കുറയുമെന്ന കാര്യം വ്യക്തമായതാണ് കര്‍ഷകരെ രംഗത്ത് നിന്നും പിന്നോക്കം വലിക്കുന്നത്. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ കുരുമുളകിന് ഡിമാന്റുള്ളതിനാല്‍ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ കര്‍ഷകരും. ഗാര്‍ബിള്‍ഡ് കുരുമുളക് വില കിലോയ്ക്ക് 665 രൂപയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ കുരുമുളക് വില ടണ്ണിന് 8000 ഡോളര്‍ രേഖപ്പെടുത്തി.
ലേലം കൊഴുപ്പിച്ച് ഏലം
വണ്ടന്‍മേട് നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ വ്യാപാരികളും ചരക്ക് ശേഖരിക്കാന്‍ ഉത്സാഹിച്ചു. ഇന്നത്തെ ലേലത്തില്‍ മൊത്തം 81,317 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 70,218 കിലോയും കൈമാറ്റം നടന്നു. അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി ഇടപാടുകാര്‍ വലിപ്പം കൂടിയ ഇനങ്ങളില്‍ പിടിമുറിക്കിയത് ഉത്പന്ന വില കിലോ 3009 രൂപയിലേയ്ക്ക് ഉയര്‍ത്തി, ശരാശരി ഇനങ്ങള്‍ 1877 രൂപയിലുമാണ്.
സുഗന്ധം പരത്തി കൊക്കോ
ഓണാഘോഷങ്ങള്‍ കഴിഞ്ഞതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊക്കോ വിളവെടുപ്പിന് കര്‍ഷകര്‍ തുടക്കം കുറിച്ചു. മഴ അനുഭവപ്പെടുന്നതിനാല്‍ പരമാവധി വേഗത്തില്‍ വിളവെടുപ്പ് പുര്‍ത്തിയാക്കാനുള്ള തിടുക്കത്തിലാണ് കര്‍ഷകര്‍. പച്ച കൊക്കോ വില 55 രൂപയിലും ഉണക്കിയ കൊക്കോ കിലോ 210 രൂപയിലുമാണ്. ഹൈറേഞ്ചില്‍ നിന്നുള്ള വലിപ്പം കൂടിയ ഇനങ്ങള്‍ക്ക് ചോക്കളേറ്റ് നിര്‍മ്മാതാക്കള്‍ 230 രൂപ വരെ വാഗ്ദാനം ചെയ്തു.