13 Nov 2023 12:26 PM GMT
Summary
- കുരുമുളക് സംഭരണത്തില്‍ നിന്നും അന്തര്‍സംസ്ഥാന ഇടപാടുകാര്‍ പൂര്‍ണമായി വിട്ടു നില്‍ക്കുമെന്ന നിലപാടിലാണ് വ്യാപാരികള്‍
ഉത്സവ ദിനങ്ങളുടെ ഭാഗമായി ഉത്തരേന്ത്യയിലെ വന്‍കിട സുഗന്ധവ്യഞ്ജന വിപണികള്‍ പലതും അവധിയാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള ചരക്ക് സംഭരണത്തില്‍ നിന്നും അന്തര്‍സംസ്ഥാന ഇടപാടുകാര്‍ പൂര്‍ണമായി വിട്ടു നില്‍ക്കുമെന്ന നിലപാടിലാണ് വ്യാപാരികള്‍. കൊച്ചി നിരക്കിലും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി കുരുമുളക് ഉത്തരേന്ത്യയില്‍ ലഭ്യമാണ്. വിയറ്റ്നാം മുളക് ഉയര്‍ന്ന അളവില്‍ സ്റ്റോക്കുണ്ടന്ന റിപ്പോര്‍ട്ടുകളും ആശങ്ക ഉളവാക്കുന്നു. പിന്നിട്ടവാരം കേരളത്തില്‍ കുരുമുളക് വില 700 രൂപ ഇടിഞ്ഞ ശേഷം 300 രൂപയുടെ തിരിച്ചു വരവ് കാഴ്ച്ചവെച്ചത് സ്റ്റോക്കിസ്റ്റുകള്‍കും കര്‍ഷകര്‍ക്കും ആശ്വാസം പകര്‍ന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മലബാര്‍ മുളകിന് ആവശ്യകാരില്ലെങ്കിലും കയറ്റുമതിക്കാര്‍ ടണ്ണിന് 7500 ഡോളര്‍ രേഖപ്പെടുത്തി. മറ്റ് പല ഉല്‍പാദന രാജ്യങ്ങളും 3500-4000 ഡോളറിനാണ് കുരുമുളക് കയറ്റുമതി നടത്തുന്നത്. ഇതിനിടയില്‍ ഞായറാഴ്ച്ച സന്ധ്യയ്ക്ക് നടന്ന ദീപാവലി മുഹൂര്‍ത്ത കച്ചവടത്തില്‍ കൊച്ചിയില്‍ കുരുമുളക് വില ക്വിന്റ്റലിന് 200 രൂപ വര്‍ധിച്ച് 59,900 രൂപയായി.
വാങ്ങല്‍ താല്‍പര്യത്തില്‍ ഏലം
നെടുക്കണ്ടത്ത് രാവിലെ നടന്ന ഏലക്ക ലേലത്തില്‍ കയറ്റുമതിക്കാര്‍ക്ക് ഒപ്പം ആഭ്യന്തര വാങ്ങലുകാരും അണിനിരന്നു. മൊത്തം 60,752 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 56,909 കിലോയും വിറ്റഴിഞ്ഞു. ദീപാവലി കഴിഞ്ഞങ്കിലും വാങ്ങല്‍ താല്‍പര്യം ദൃശ്യമായത് ഉല്‍പാദകര്‍ക്ക് ആശ്വാസം പകരും. മികച്ചയിനങ്ങള്‍ കിലോ 1998 ശരാശരി ഇനങ്ങള്‍ കിലോ 1549 രൂപയിലും ഇടപാടുകള്‍ നടന്നു.
നേട്ടം നല്‍കി റബര്‍
റബര്‍ രാജ്യാന്തര വില പിന്നിട്ടവാരം ഉയര്‍ന്നത് ഒരു വിഭാഗം കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും നേട്ടമാക്കി. ടയര്‍ കമ്പനികള്‍ സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ നിന്നും 15,600 ന് നാലാം ഗ്രേഡ് ശേഖരിച്ചു. വ്യവസായികള്‍ക്ക് വലിയതോതില്‍ ഷീറ്റ് ആവശ്യമുണ്ടെങ്കിലും നിരക്ക് ഉയര്‍ത്താതെ സംഭരിക്കാനുള്ള ശ്രമം വരും ദിനങ്ങളിലും തുടരാം. രാജ്യാന്തര റബര്‍ അവധി വ്യാപാരത്തില്‍ ചൈനയിലും ജപ്പാനിലും വില ഉയരുന്ന പ്രവണനിലനിന്നതും ഒരു പരിധി വരെ ഷീറ്റ് വില ഉയരാന്‍ അവസരം ഒരുക്കി.