27 Nov 2023 12:18 PM GMT
Summary
- ഉത്തരേന്ത്യക്കാര്‍ക്ക് വേണ്ടത് ഏലം
- കാര്‍ഷിക മേഖലയില്‍ നിന്നുള്ള റബര്‍ വരവ് കുറവ്
വിദേശ കുരുമുളക് ഇറക്കുമതി വര്‍ധന ഉല്‍പ്പന്ന വിലയെ ബാധിച്ചു. ആഭ്യന്തര ഡിമാന്റ് മങ്ങിയതിനാല്‍ പിന്നിട്ടവാരം ക്വിന്റ്റലിന് 400 രൂപ ഇടിഞ്ഞു. ഒക്ടോബറില്‍ വിയറ്റ്നാമില്‍ നിന്നും 3000 ടണ്ണിന് അടുത്ത് കുരുമുളക് ഇറക്കുമതി നടന്നു. വ്യവസായികള്‍ ശ്രീലങ്ക വഴിയാണ് വിയറ്റ്നാം മുളക് രാജ്യത്തെ വിവിധ തുറമുഖങ്ങളില്‍ എത്തിച്ചത്. ഇറക്കുമതി ചരക്ക് മുംബൈ, ഡെല്‍ഹി, മദ്ധ്യപ്രദേശ് തുടങ്ങിയ ഭാഗങ്ങളില്‍ താഴ്ന്ന വിലയ്ക്ക് വില്‍പ്പനയ്ക്ക് ഇറക്കിയത് നാടന്‍ മുളക് വില കുറയാന്‍ ഇടയാക്കി. കൊച്ചിയില്‍ പിന്നിട്ടവാരം വന്ന 157 ടണ്‍ ചരക്കില്‍ ഇറക്കുമതി മുളക് കലര്‍ത്തി വില്‍പ്പനയ്ക്ക് ഇറക്കിയതായി വിപണി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉത്തരേന്ത്യക്കാര്‍ക്ക് വേണ്ടത് ഏലം
കയറ്റുമതി മേഖലയില്‍ നിന്നും ഉത്തരേന്ത്യന്‍ വാങ്ങലുകാരില്‍ നിന്നും ഏലത്തിന് ആവശ്യം ഉയര്‍ന്നു. നെടുക്കണ്ടത്ത് ഇന്ന് നടന്ന ലേലത്തില്‍ 70,469 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 63,425 കിലോ വിറ്റഴിഞ്ഞു. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2284 രൂപയിലും ശരാശരി ഇനങ്ങള്‍ 1534 രൂപയിലും ഇടപാടുകള്‍ നടന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ പല ഭാഗങ്ങളിലും വിളവെടുപ്പ് മികച്ചരീതിയില്‍ പുരോഗമിക്കുന്നു. ക്രിസ്തുമസ് മുന്നിലുള്ളതിനാല്‍ മെച്ചപ്പെട്ട വിലയ്ക്ക് ഏലക്ക കൈമാറാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ഷീറ്റ് വില പിന്നോട്ട്
ഗുരുനാനാക്ക് ജയന്തി മൂലം പഞ്ചാബ് മേഖലയില്‍ നിന്നുള്ള റബര്‍ വ്യവസായികള്‍ വിപണിയില്‍ നിന്നും അകന്ന് നിന്നത് വിവിധയിനം ഷീറ്റ് വിലയെ ബാധിച്ചു. അഞ്ചാം ഗ്രേഡ് കിലോ 150 രൂപയായും നാലാം ഗ്രേഡ് 153 രൂപയായും താഴ്ന്നു. റബര്‍ ഉല്‍പാദന രംഗം ഉണര്‍വിലാണെങ്കിലും കാര്‍ഷിക മേഖലയില്‍ നിന്നുള്ള റബര്‍ വരവ് കുറവാണ്.
മാറ്റമില്ലാതെ നാളികേരം, ഡിമാന്റ് പച്ചയ്ക്ക്
നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല, കൊച്ചി, കോഴിക്കോട് വിപണികളില്‍ വെളിച്ചെണ്ണ സ്റ്റെഡി നിലവാരത്തില്‍ വ്യാപാരം നടന്നു. ചെറുകിട വിപണികളില്‍ പച്ചതേങ്ങയ്ക്ക് ആവശ്യം ഉയര്‍ന്നതിനാല്‍ ഗ്രാമീണ മേഖല കൊപ്ര ഉല്‍പാദനത്തില്‍ നിന്നും അല്‍പ്പം പിന്‍തിരിഞ്ഞു.