8 Jan 2024 12:05 PM GMT
Summary
- അന്താരാഷ്ട്രതലത്തില്‍ കൊക്കോ ക്ഷാമം വരും മാസങ്ങളിലും തുടരും
- ചൂട് കൂടിയതോടെ ടാപ്പിംഗ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍
- ചലനമില്ലാതെ ഏലക്കാ വിപണി
ഹൈറേഞ്ച് കവാടമായ അടിമാലില്‍ നിന്നുള്ള പുതിയ കുരുമുളക് വില്‍പ്പനയ്ക്ക് എത്തി. ഇടുക്കി ജില്ലയില്‍ ആദ്യം കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിക്കുക അടിമാലി മേഖലയിലാണ്. മാസത്തിന്റെ രണ്ടാം പകുതിയില്‍ വിളവെടുപ്പ് ഊര്‍ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷക കുടുംബങ്ങള്‍. ചെറുകിട കര്‍ഷകരുടെ വിലയിരുത്തലില്‍ മുളക് മണികള്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കുറവായതിനാല്‍ പ്രതീക്ഷയ്ക്ക് ഒത്ത് ചരക്കിറക്കാനാവില്ലെന്ന നിലപാടിലാണ്. തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാല്‍ വിളവെടുപ്പ് വ്യാപകമാകും. വെയില്‍ ലഭിച്ചാല്‍ മാത്രമേ പുതിയ മുളക് സംസ്‌കരിക്കാന്‍ ഉല്‍പാദകര്‍ക്കാവൂ. ഉണക്ക് കുറഞ്ഞ മുളക് വില്‍പ്പനയ്ക്ക് ഇറക്കിയാല്‍ വാങ്ങല്‍ താല്‍പര്യം ചുരുങ്ങുന്നതിനൊപ്പം വിലയിലും കുറവ് സംഭവിക്കും. പുതിയ മുളക് കിലോ 581 രൂപയില്‍ വ്യാപാരം നടന്നു. അതേ സമയം അണ്‍ ഗാര്‍ബിള്‍ഡ് മുളക് കിലോ 591 രൂപ.
ആഗോള വിപണിയില്‍ കൊക്കോ വില അടിവെച്ച് ഉയരുന്നതിനിടയില്‍ മധ്യകേരളത്തിലെ കര്‍ഷകര്‍ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. അന്താരാഷ്ട്ര തലത്തില്‍ കൊക്കോയ്ക്ക് നേരിട്ട ക്ഷാമം വരും മാസങ്ങളിലും തുടരുമെന്നത് ഉയര്‍ന്ന വില നിലനിര്‍ത്താന്‍ അവസരം ഒരുക്കും. മുഖ്യ ഉല്‍പാദന രാജ്യങ്ങളില്‍ വിളവ് ചുരുങ്ങിയതിനാല്‍ ചോക്കളേറ്റ് വ്യവസായികള്‍ വില ഉയര്‍ത്തി കൊക്കോ ശേഖരിക്കാന്‍ മത്സരിക്കുകയാണ്. വിദേശ വിപണികളിലെ ചലനങ്ങള്‍ മുന്‍ നിര്‍ത്തി ഇന്ത്യന്‍ കമ്പനികളും കൊക്കോയില്‍ പിടിമുറുക്കി. മികച്ചയിനങ്ങള്‍ കിലോ 310 രൂപയില്‍ കൈമാറി. കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, അടിമാലി ഭാഗങ്ങളിലെ കര്‍ഷകര്‍ മൂത്ത് വിളഞ്ഞ കൊക്കോ വിളവെടുപ്പിന്റെ തിരക്കിലാണ്. ഇതിനിടയില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലും ഉല്‍പാദനം ഉയര്‍ന്നതായാണ് അവിടെ നിന്നുള്ള വിവരം.
റബര്‍ ഉല്‍പാദനം ജൂണ്‍ വരെ ആഗോള തലത്തില്‍ ചുരുങ്ങുമെന്ന സൂചനകള്‍ പുറത്തുവന്നങ്കിലും ടയര്‍ മേഖല മുഖ്യ വിപണികളില്‍ ഇനിയും കാര്യമായ ഉത്സാഹം കാണിച്ചിട്ടില്ല. അന്തരീക്ഷ താപനില പതിവിലും ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെയും റബര്‍ മരങ്ങളില്‍ ഇല പൊഴിച്ചില്‍ വ്യാപകമാണ്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ മാസാവസാനതോടെ റബര്‍ ടാപ്പിങ് നിര്‍ത്തിവെക്കാന്‍ കാര്‍ഷിക മേഖല നിര്‍ബന്ധിതരാവും. കൊച്ചി, കോട്ടയം വിപണികളില്‍ വില്‍പ്പനക്കാര്‍ കുറവാണ്, വൈകാതെ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകളും. നാലാം ഗ്രേഡ് ക്വിന്റ്റലിന് 15,550 രൂപയില്‍ വിപണനം നടന്നു.
ഏലക്ക വിലയില്‍ കാര്യമായ വ്യതിയാനം ദൃശ്യമായില്ല. അന്തര്‍സംസ്ഥാന വാങ്ങലുകാരും വിദേശ വ്യാപാരങ്ങള്‍ ഉറപ്പിച്ചവരും ലേല കേന്ദ്രങ്ങളില്‍ സജീവമാണ്. ഉല്‍പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തില്‍ 78,914 കിലോ ഏലത്തിന്റെ കൈമാറ്റം നടന്നു. ശരാശരി ഇനങ്ങള്‍ കിലോ 1673 രൂപയിലും മികച്ചയിനങ്ങള്‍ 2335 രൂപയിലും ലേലം നടന്നു.