4 Oct 2023 1:30 PM GMT
Summary
- ആഞ്ഞുപിടിച്ച് ഏലം
കുരുമുളക് സംഭരണത്തിനായി അന്തര്‍സംസ്ഥാന ഇടപാടുകാര്‍ വിപണിയില്‍ തിരിച്ച് എത്തി. അമിത വിലക്കയറ്റം കണ്ട് സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ ഒരു വിഭാഗം വാങ്ങലുകാര്‍ വിപണിയില്‍ നിന്നും അകന്നു. കൂടാതെ വിദേശ ചരക്ക് എത്തിച്ച് ആഭ്യന്തര വില ഇടിച്ച് നാടന്‍ കുരുമുളക് സംഭരിക്കാന്‍ മറ്റ് ഒരു വിഭാഗം നടത്തിയ നീക്കങ്ങളും അതിജീവിച്ച് ഉല്‍പ്പന്നം കൂടുതല്‍ കരുത്ത് കണ്ടത്താനുള്ള തയ്യാറെടുപ്പിലാണ്. വന്‍ വില ഉറപ്പ് വരുത്താന്‍ ഹൈറേഞ്ചിലെയും വയനാട്ടിലെയും കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം നിയന്ത്രിച്ചത് വാങ്ങലുകാരെ പിരിമുറുക്കത്തിലാക്കി. പിന്നിട്ട നാല് പ്രവര്‍ത്തി ദിനങ്ങളില്‍ കുരുമുളക് വിലയിലുണ്ടായ ഉണര്‍വ് കണക്കിലെടുത്താല്‍ ഒക്ടോബറില്‍ വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് വില 62,900 രൂപയായി ഉയര്‍ന്നു.
നാളികേരത്തിന് വെല്ലുവിളിയായി ഇതര സംസ്ഥാന വ്യവസായികള്‍
നാളികേരോല്‍പ്പന്ന വിപണികളില്‍ ഉണര്‍വ്. മാസാരംഭമായതിനാല്‍ തമിഴ്നാട്ടിലെ വന്‍വിട വ്യവസായികള്‍ സംഘടിതരായി വെളിച്ചെണ്ണ വില ഉയര്‍ത്തി കേരളത്തില്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. വില ഉയരുന്ന അവസരങ്ങളില്‍ സ്റ്റോക്കുള്ള കൊപ്രയും പച്ചതേങ്ങയും വിറ്റുമാറാന്‍ നമ്മുടെ ഉല്‍പാദകര്‍ നീക്കം നടത്തുന്നത് അഭികാമ്യം. കാങ്കയത്ത് കൊപ്ര വില 7975 രൂപയിലാണ്. പ്രദേശിക മാര്‍ക്കറ്റില്‍ മാസാരംഭ ഡിമാന്റിനിടയില്‍ എണ്ണ വിറ്റുമാറാനുള്ള നീക്കം തമിഴ്നാട്ടിലെ ഏതാണ്ട് എല്ലാ വിപണികളിലും നടക്കുന്നുണ്ട്. കൊച്ചിയില്‍ കൊപ്ര 8100 ലും വെളിച്ചെണ്ണ 12,400 രൂപയിലുമാണ്.
ആഞ്ഞുപിടിച്ച് ഏലം
ഏലക്ക വീണ്ടും മുന്നേറാന്‍ സര്‍വ്വശക്തിയും പ്രയോഗിക്കുന്നുണ്ടെങ്കിലും കനത്ത വാങ്ങല്‍ താല്‍പര്യത്തിന്റെ അഭാവം നിലനിന്നു. ഉത്സവ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ആഭ്യന്തര വ്യാപാരികള്‍ ചരക്ക് വാങ്ങിയെങ്കിലും ശരാശരി ഇനങ്ങളെ കിലോ 1800 ന് മുകളില്‍ കടത്തിവിടാന്‍ വാങ്ങലുകാര്‍ തയ്യാറായില്ല. കുമളിയില്‍ നടന്ന ഏലക്ക ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 1747 രൂപയില്‍ നിലകൊണ്ടു. മികച്ചയിനങ്ങള്‍ 2492 രൂപയില്‍ ലേലം നടന്നു. മൊത്തം 48,913 കിലോഗ്രാം ഏലക്ക വില്‍പ്പനയ്ക്ക് എത്തിയതില്‍ 43,843 കിലോയും ലേലം കൊണ്ടു.