12 Dec 2023 12:11 PM GMT
Summary
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതി ശൈത്യത്തിന്റെ പിടിയിലേയ്ക്ക് നീങ്ങുന്നതിനിടയിലും ചുക്കിന് പുതിയ ഓര്‍ഡറുകളെത്തിയില്ല. വന്‍ പ്രതീക്ഷകളോടെ കേരളവും കര്‍ണാടകവും കനത്തതോതില്‍ ചുക്ക് സംഭരിച്ചിട്ടുണ്ട്. സാധാരണ നവംബറില്‍ തന്നെ ഉല്‍പ്പന്ന വിലയില്‍ ഉണര്‍വ് കണ്ട് തുടങ്ങാറുണ്ടെങ്കിലും ഇക്കുറി ഡിസംബര്‍ ആദ്യ പകുതി അവസാനിക്കാറായിട്ടും വിലയില്‍ മാറ്റമില്ല. ഇഞ്ചി കൃഷിയിലുണ്ടായ കുറവ് ചുക്ക് ഉല്‍പാദനത്തെയും ബാധിച്ചതിനാല്‍ വില ഉയരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഉല്‍പാദകരും സറ്റോക്കിസ്റ്റുകളും. മികച്ചയിനം ചുക്ക് വില ഒരു മാസത്തില്‍ ഏറെയായി കിലോ 340 രൂപയില്‍ സ്റ്റെഡിയാണ്. ശൈത്യകാല ഡിമാന്റ് ഉല്‍പ്പന്നത്തെ 500 ലേയ്ക്ക് അടുപ്പിക്കുമെന്ന് ഒരു വിഭാഗം നേരത്തെ വിലയിരുത്തി. എന്നാല്‍ നിലവില്‍ ആവശ്യകാര്‍ കുറഞ്ഞ സാഹചര്യത്തില്‍ വില ഇടിയുമോയെന്ന ഭീതിയും തല ഉയര്‍ത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ വന്‍കിട മാര്‍ക്കറ്റുകളില്‍ വിദേശ ചുക്ക് താഴ്ന്ന വിലയ്ക്ക് ലഭിക്കുന്നത് നാടന്‍ ചുക്കിന് ഭീഷണിയാണ്.
അതേ സമയം അറബ് രാജ്യങ്ങളില്‍ നിന്നും നമ്മുടെ ചുക്കിന് വരും മാസങ്ങളിലും ഓര്‍ഡറുകള്‍ എത്തുമെന്ന സൂചനയാണ് കയറ്റുമതി മേഖലയില്‍ നിന്നും ലഭ്യമാവുന്നത്.
വിറ്റുമാറാനുള്ള ശ്രമത്തില്‍ ഏലം
ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ ഉയര്‍ന്ന കാര്‍ഷിക ചിലവുകള്‍ മൂലം തിടുക്കത്തില്‍ പുതിയ ചരക്ക് വിറ്റുമാറാനുള്ള ശ്രമം തുടരുന്നു. ഉല്‍പദന മേഖലകളിലെ ലേല കേരന്ദങ്ങളില്‍ മാസാരംഭം മുതല്‍ ഉയര്‍ന്ന അളവില്‍ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങുന്നുണ്ട്. ക്രിസ്തുമസ് അടുത്തതോടെ ആഭ്യന്തര മാര്‍ക്കറ്റില്‍ ഏലത്തിന് ഡിമാന്റും വര്‍ധിച്ചു. ചെറുകിട വ്യാപാരികളും ഉത്സവ വില്‍പ്പന മുന്നില്‍ കണ്ട് ഏലം ശേഖരിക്കാന്‍ രംഗത്ത് എത്തി. വലിപ്പം കൂടി ഇനങ്ങളുടെ ലഭ്യത ശരാശരി ഇനങ്ങളെ അപേക്ഷിച്ച് കുറവായയതിനാല്‍ വില ഉയര്‍ത്തി ചരക്ക് ലേലത്തില്‍ ശേഖരിക്കാന്‍ കയറ്റുമതിക്കാര്‍ ഉത്സാഹിച്ചു. മികച്ചയിനങ്ങള്‍ കിലോ 2056 രൂപയിലും ശരാശരി ഇനങ്ങള്‍ 1535 രൂപയിലും കൈമാറി.
മണം പടര്‍ത്തി ജാതിപ്പൂ
ജാതിക്കയും ജാതിപത്രിയും മാത്രമല്ല ജാതിപ്പൂവും ശേഖരിക്കാന്‍ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ രംഗത്തുണ്ട്. ഉത്സവ ദിവസങ്ങള്‍ അടുത്തതിനാല്‍ കര്‍ഷകര്‍ ചരക്ക് ഇറക്കുമെന്ന കണക്ക് കൂട്ടലിലാണ് വ്യവസായികള്‍ രംഗത്ത് അണിനിരന്നിട്ടുള്ളത്. മദ്ധ്യകേരളത്തിലെ ജാതി കര്‍ഷകരാവട്ടേ അല്‍പ്പം കാത്തിരിക്കാം ഉയര്‍ന്ന വിലയ്ക്ക് വേണ്ടിയെന്ന നിലപാടിലുമാണ്. ജാതി തൊണ്ടന്‍ കിലോ 280 ലും പത്രി 480 രൂപയിലുമാണ്. ജാതിഫളവര്‍ 1750 രൂപ വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. പുതിയ സീസണ്‍ ആരംഭിക്കാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തില്‍ വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്തുമെന്ന വിശ്വാസത്തിലണ് ഉല്‍പാദകര്‍.