image

16 Nov 2023 12:19 PM GMT

Commodity

രാത്രിമഴ അറബിക്ക കാപ്പി ഉല്‍പ്പാദകരെ ബാധിച്ചു; എലം ഉല്‍പാദത്തില്‍ ഉണര്‍വ്

MyFin Desk

commodities market rate 16 11
X

Summary

  • തുലാവര്‍ഷം ഏലത്തിന് ഗുണകരം
  • കുരുമുളക് വിപണി തിരുത്തലുകള്‍ക്കശേഷം മുന്നേറുന്നു


വൃശ്ചിക പിറവിയെ ഉറ്റുനോക്കുകയാണ് കാര്‍ഷിക കേരളം. തുലാവര്‍ഷം കാര്‍ഷിക മേഖലയ്ക്ക് പകര്‍ന്ന ആശ്വാസം ഉല്‍പ്പാദനരംഗത്തും ഉണര്‍വുപകരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇത് കര്‍ഷകരുടെ സാമ്പത്തിക സ്ഥിതിയില്‍ മുന്നേറ്റം സൃഷ്ടിക്കാം.

അനുകൂല കാലാവസ്ഥയില്‍ ഏലക്കയും കുരുമുളകും കൊക്കോയും ജാതിക്കയും നേട്ടമാക്കി മാറ്റുമ്പോള്‍ കാപ്പി കര്‍ഷകര്‍ അല്‍പ്പം ആശങ്കയിലാണ്. രാത്രി മഴ തുടരുന്നത് കാപ്പി വിളവെടുപ്പിനെ ബാധിച്ചു, പല തോട്ടങ്ങളിലും കാപ്പി കുരു മഴയില്‍ കൊഴിഞ്ഞു വീഴുന്നതും കുരുകള്‍ പിളര്‍ന്ന പോകുന്നതും അറബിക്ക കാപ്പി ഉല്‍പാദകരുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്.

അതേ സമയം ഇപ്പോഴത്തെ മഴ അനുകൂല ഫലം ഉളവാക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തുകയാണ് റോബസ്റ്റ കാപ്പി ഉല്‍പാദകര്‍. റോബസ്റ്റ കാപ്പി കിലോ 138 രൂപയിലും പരിപ്പ് 245 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഏലക്ക ഉല്‍പാദനം അടിവെച്ച് ഉയരുന്നതിനൊപ്പം ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള പുതിയ ചരക്ക് വരവിലും ഉണര്‍വ് അനുഭവപ്പെടുന്നു. ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഉത്തരേന്ത്യന്‍ വാങ്ങലുകാരും കയറ്റുമതിക്കാരും ചരക്ക് സംഭരണത്തിന് വീണ്ടും തിരിച്ചെത്തി. ക്രിസ്തുമസ്- പുതുവത്സവ വേളയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള വാങ്ങലുകളാണ് പുരോഗമിക്കുന്നത്.

ഡിസംബര്‍ ആദ്യം വരെ ഡിമാന്റ് തുടരുമെന്ന വിശ്വാസത്തിലാണ് ഏലക്ക വ്യാപാരികളും. വലിപ്പം കൂടിയയിനം ഏലക്ക കിലോ 1915 രൂപയിലും ശരാശരി ഇനങ്ങള്‍ 1492 രൂപയിലും കൈമാറി. കുമളിയില്‍ നടന്ന ലേലത്തില്‍ മൊത്തം 60,744 കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 59,727 കിലോയും വിറ്റഴിഞ്ഞു.

കുരുമുളക് വിപണി മാസത്തിന്റെ ആദ്യ പകുതിയിലെ സാങ്കേതിക തിരുത്തലുകള്‍ക്ക് ശേഷം വീണ്ടും മുന്നേറുന്നു. കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് പിടിക്കാന്‍ കാണിച്ച ഉത്സാഹം വാങ്ങലുകാരെ പിരിമുറുക്കത്തിലാക്കി.

ഹൈറേഞ്ച് മുളകിന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഉല്‍പ്പന്നം മികവ് കാണിക്കാന്‍ സാധ്യതയുണ്ട്. ചുരുങ്ങിയ ദിവസങ്ങളില്‍ ക്വിന്റ്റലിന് 1000 രൂപ ഉയര്‍ന്ന് ഗാര്‍ബിള്‍ഡ് മുളകിന് 61,500 രൂപയായി.