25 Oct 2023 12:00 PM GMT
Summary
- കുരുമുളക് ലഭ്യത കൂടിയില്ലെങ്കില്‍ കറിമാസലകളില്‍ രുചികുറയും
- ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ അടുത്ത വാരം മുതല്‍ വിപണിയില്‍ വീണ്ടും സജീവമാകും.
രാജ്യാന്തര റബര്‍ വിപണിയില്‍ ഉടലെടുത്ത ഉണര്‍വ് ഇന്ത്യന്‍ മാര്‍ക്കറ്റിന് ഊര്‍ജം പകരുമെന്ന കണക്ക് കൂട്ടലില്‍ സ്റ്റോക്കിസ്റ്റുകളും കര്‍ഷകരും ഷീറ്റ് നീക്കത്തിലെ നിയന്ത്രണം തുടരുന്നു. സംസ്ഥാനത്ത് റബര്‍ ടാപ്പിങിന് എറ്റവും മികച്ച കാലാവസ്ഥയാണ്. നവംബറില്‍ താപനില വീണ്ടും കുറയുന്നത് മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ഉയരുമെന്നത് റബര്‍ മേഖലയുടെ ഉല്‍പ്പാദനം ഉയരാന്‍ അവസരം ഒരുക്കും. ജനുവരി അവസാനം വരെ ലാറ്റക്സ് ലഭ്യത ഉയരും, ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഷീറ്റ് നിര്‍മ്മിക്കാന്‍ ഈ അവസരത്തില്‍ ഉത്സാഹിക്കും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രംഗത്ത് നിന്നും അകന്ന ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ അടുത്ത വാരം മുതല്‍ വിപണിയില്‍ വീണ്ടും സജീവമാകും.
റബര്‍ ടാപ്പിങ് രംഗത്തെ മുന്നേറ്റം കൂടുതല്‍ ഷീറ്റ് സംഭരിക്കാന്‍ വ്യവസായികളെ പ്രേരിപ്പിക്കും. നാലാം ഗ്രേഡ് റബര്‍ 15,200 രൂപയിലും ലാറ്റക്സ് 10,900 രൂപയിലുമാണ് പ്രമുഖ വിപണികളില്‍ ഇടപാടുകള്‍ നടക്കുന്നത്. ഉത്സാവാഘോഷങ്ങള്‍ക്ക് ശേഷം വ്യവസായികള്‍ രംഗത്ത് ഇറങ്ങുന്നതോടെ വിലയില്‍ വീണ്ടും ഉണര്‍വ് സംഭവിക്കുമെന്ന വിശ്വാസത്തിലാണ് ഉല്‍പാദന മേഖല.
ആഘോഷത്തില്‍ ഏലം
ലേലത്തിനുള്ള ഏലക്ക വരവ് ചുരുങ്ങിയത് കണ്ട് വാങ്ങലുകാര്‍ ചരക്ക് കൊത്തി പെറുക്കാന്‍ മത്സരിച്ചു. കുമളിയില്‍ ഇന്ന് നടന്ന ലേലത്തില്‍ വില്‍പ്പനയ്ക്ക് എത്തിയ 39,706 കിലോ ഗ്രാം ചരക്കില്‍ 39,561 കിലോയും വിറ്റഴിഞ്ഞു. ശക്തമായ വാങ്ങല്‍ താല്‍പര്യത്തിന് പിന്നില്‍ ദീപാവലി ഡിമാന്റ് മുന്നില്‍ കണ്ടുള്ള ബയ്യിങാണ് ലേല കേന്ദ്രത്തില്‍ നിന്നുള്ള സൂചന. വരും ദിനങ്ങളിലും വാങ്ങലുകാരില്‍ നിന്നുള്ള പിന്തുണ ഉല്‍പ്പന്നത്തിന് ലഭ്യമാവുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. ഇതിനിടയില്‍ മികച്ച കാലാവസ്ഥ നേട്ടമാക്കി. മികച്ചയിനങ്ങള്‍ കിലോ 2245 രൂപയിലും ശരാശരി ഇനങ്ങള്‍ 1612 രൂപയിലും കൈമാറി.
നാടന്‍ തന്നെ താരം
ഹൈറേഞ്ചില്‍ നിന്നുള്ള കുരുമുളക് നീക്കം ചുരുങ്ങിയത് വാങ്ങലുകാരില്‍ അസ്വസ്ഥത ജനിപ്പിക്കുന്നു. പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ ശേഷിക്കുന്നതിനാല്‍ മുളക് ലഭ്യത ഉയര്‍ന്നില്ലെങ്കില്‍ പൗഡര്‍, കറിമസാല നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുമെന്ന ആശങ്കയിലാണ് ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍. ഇറക്കുമതി കുരുമുളക് വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സസുലഭമായി ലഭിക്കുമെങ്കിലും അതിന് എരിവും സ്വാദും കുറവായതിനാല്‍ ബ്രാന്‍ഡ് നാമത്തില്‍ ഉല്‍പ്പന്നം ഇറക്കുന്നവര്‍ നാടന്‍ കുരുമുളക് തന്നെയാണ് കൂടുതലായി ശേഖരിക്കുന്നത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് ക്വിന്റ്റലിന് 60,900 രൂപ.