22 May 2024 11:48 AM GMT
Summary
- കറി മസാല യൂണിറ്റുകളില്‍ നിന്ന് കുരുമുളകിന് ഡിമാന്‍ഡേറി
- ലേലത്തില്‍ മികച്ച വില കുറിച്ച് ഏലം
ഉത്തരേന്ത്യന്‍ കറി മസാല, പൗഡര്‍ യൂണിറ്റുകളില്‍ നിന്നുള്ള ഡിമാന്റ്റില്‍ കുരുമുളക് വീണ്ടും മുന്നേറ്റ പാതയില്‍. വ്യവസായികളുടെ നിത്യേനെയുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ നാടന്‍ മുളകിന് കമ്പനികളില്‍ നിന്നുള്ള ആവശ്യം ഉയര്‍ന്നു. കര്‍ഷകര്‍ വില്‍പ്പന നിയന്ത്രിച്ചതിനാല്‍ കുരുമുളക് വില ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെ അവസ്ഥയിലാണ് അന്തര്‍സംസ്ഥാന വാങ്ങലുകാര്‍. നാല് ദിവസം കൊണ്ട് കുരുമുളക് വില ക്വിന്റ്റലിന് 1000 രൂപ ഉയര്‍ന്നങ്കിലും ഇടുക്കിയില്‍ നിന്നും വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള വില്‍പ്പനക്കാര്‍ ചുരുങ്ങി. ഉത്തരേന്ത്യയില്‍ നിന്നും ഉത്സവകാല ഓര്‍ഡറുകള്‍ എത്തുന്നതോടെ വില കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റ്റലിന് 60,100 രൂപ.
വണ്ടന്‍മേട്ടില്‍ നടന്ന ഏലക്ക ലേലത്തില്‍ ഉല്‍പ്പന്ന വില വീണ്ടും രണ്ടായിരം രൂപ മറികടന്നു. സംസ്ഥാനത്തെ കാലാവസ്ഥ മാറ്റത്തിനിടയില്‍ മധ്യവര്‍ത്തികള്‍ ചരക്ക് വില്‍പ്പനയ്ക്ക് ഉത്സാഹിച്ചു, വരവ് ഉയര്‍ന്നതോടെ കയറ്റുമതി സമൂഹവും ആഭ്യന്തര വ്യാപാരികളും ഏലക്കലേലത്തില്‍ സജീവമായി. 83,036 കിലോ ഏലക്ക ലേലത്തിന് എത്തിയതില്‍ 82,263 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2084 രൂപയിലും മികച്ചയിനങ്ങള്‍ 3682 രൂപയായും ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. ഉല്‍പാദന മേഖലയില്‍ മഴ ലഭ്യമായ സാഹചര്യത്തില്‍ സീസണ്‍ ജൂണ്‍-ജൂലൈയില്‍ ആരംഭിക്കുമെന്ന സൂചനകള്‍ സ്റ്റോക്കിസ്റ്റുകളെ വില്‍പ്പനക്കാരാക്കി.
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ജാതിക്ക വിളവെടുപ്പ് പുരോഗമിച്ചതോടെ പുതിയ കായ കര്‍ഷകര്‍ വില്‍പ്പനയ്ക്ക് ഇറക്കി തുടങ്ങി. വരും ദിനങ്ങളില്‍ ലഭ്യത ഉയരുമെന്ന നിഗനമത്തിലാണ് വ്യാപാരികളും. ഗള്‍ഫ് ഓര്‍ഡറുകള്‍ കരസ്ഥമാക്കിയ കയറ്റുമതിക്കാരും ചരക്ക് സംഭരിക്കുന്നുണ്ട്. അതേ സമയം സീസണായതിനാല്‍ വില ഉയര്‍ത്താന്‍ വാങ്ങലുകാര്‍ താല്‍പര്യം കാണിച്ചില്ല. ജാതിക്ക തൊണ്ടന്‍ കിലോ 240 ജാതിപരിപ്പ് 410 രൂപയിലുമാണ്.