image

21 Feb 2024 12:17 PM GMT

Commodity

റബര്‍ ഉല്‍പാദനം കുറഞ്ഞത് ഷീറ്റ് വില ഉയരാന്‍ അവസരം ഒരുക്കി

MyFin Desk

റബര്‍ ഉല്‍പാദനം കുറഞ്ഞത് ഷീറ്റ് വില ഉയരാന്‍ അവസരം ഒരുക്കി
X

Summary

  • ഏലക്ക ലേലത്തില്‍ വിവിധയിനങ്ങളുടെ വിലയില്‍ നേരിയ മുന്നേറ്റം
  • കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ അഞ്ച് രൂപ കുറഞ്ഞ് 528 രൂപയായി
  • സ്‌റ്റോക്കിസ്റ്റുകള്‍ റബര്‍ വില്‍പ്പന കുറച്ചു


പ്രതികൂല കാലാവസ്ഥ മൂലം ഏഷ്യയിലെ മുഖ്യ റബര്‍ ഉല്‍പാദന രാജ്യങ്ങളില്‍ ടാപ്പിങ് മന്ദഗതിയിലാണ്. വരണ്ട കാലാവസ്ഥയില്‍ ഇലപൊഴിച്ചില്‍ വ്യാപകമായതോടെ റബര്‍ ഉല്‍പാദനം

കുറഞ്ഞത് ഷീറ്റ് വില ഉയരാന്‍ അവസരം ഒരുക്കിയതിനാല്‍ സ്‌റ്റോക്കിസ്റ്റുകള്‍ റബര്‍ വില്‍പ്പന കുറച്ചു. ബാങ്കോക്കില്‍ ഇന്ന് നാലാം ഗ്രേഡിന് തുല്യമായ ചരക്ക് കിലോ 185 രൂപയായി ഉയര്‍ന്നു. വില

വീണ്ടും ഉയരുമെന്ന് ഉല്‍പാദകര്‍ കണക്ക് കൂട്ടുമ്പോള്‍ വ്യവസായികള്‍ ചരക്ക് സംഭരണ തോത് കുറച്ച് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ്. കേരളത്തില്‍ ഏതാനും ആഴ്ച്ചകളായി നാമമാത്രം ചരക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. വ്യവസായികള്‍ 165 രൂപ ഷീറ്റിന് രേഖപ്പെടുത്തിയെങ്കിലും സ്‌റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയ്ക്ക് ഉത്സാഹിച്ചില്ല.

ഇടുക്കിയില്‍ നടന്ന ഏലക്ക ലേലത്തില്‍ വിവിധയിനങ്ങളുടെ വിലയില്‍ നേരിയ മുന്നേറ്റം. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചു. ഒട്ടുമിക്ക ഭാഗങ്ങളിലും വിളവെടുപ്പ് അവസാനിച്ചതിനാല്‍ മാര്‍ച്ച് മുതല്‍ ലേലത്തിനുള്ള ചരക്ക് വരവ് ചുരുങ്ങുമെന്ന നിഗമനത്തിലാണ് ഇടപാടുകാര്‍. മൊത്തം 69,452 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 66,790 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 1441 രൂപയിലും മികച്ചയിനങ്ങള്‍ 2006 രൂപയിലും കൈമാറി. കുരുമുളകിനെ ബാധിച്ച വില ഇടിവ് രൂക്ഷമായതോടെ കര്‍ഷകര്‍ പുതിയ ചരക്ക് വില്‍പ്പന നിയന്ത്രിച്ചു. വിളവെടുപ്പ് വേളയായതിനാല്‍ കാര്‍ഷിക മേഖലകളില്‍ ഇറങ്ങി ചരക്ക് സംഭരിക്കുന്നുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ അഞ്ച് രൂപ കുറഞ്ഞ് 528 രൂപയായി.