image

15 April 2025 12:13 PM

Commodity

കുരുമുളക് വില ഉയർന്നു; റബർ വിപണിയിൽ ആവേശം

MyFin Desk

കുരുമുളക് വില ഉയർന്നു; റബർ വിപണിയിൽ ആവേശം
X

വിഷു വേളയിലെ ബംബർ വിൽപ്പനയ്‌ക്ക്‌ ശേഷം ഈസ്‌റ്ററിനെ ഉറ്റ്‌ നോക്കുകയാണ്‌ വെളിച്ചെണ്ണ മാർക്കറ്റ്‌. അയൽ സംസ്ഥാനങ്ങളിലെ വൻകിട കൊപ്രയാട്ട്‌ വ്യവസായികൾ ഉയർന്ന അളവിൽ എണ്ണ വിപണിയിൽ ഇറക്കുന്നുണ്ട്‌. ലഭ്യത ഉയരുന്നതിന്‌ അനുസൃതമായി വിൽപ്പന ചൂടുപിടിച്ചാൽ നാളികേരോൽപ്പന്നങ്ങൾ കരുത്ത്‌ നിലനിർത്താം, അല്ലാത്ത പക്ഷം ഉത്സവ ദിനങ്ങൾക്ക്‌ ശേഷം വിപണിയിൽ സാങ്കേതിക തിരുത്തലിന്‌ സാധ്യത. ഉൽപാദകർ പച്ചതേങ്ങ വിപണിയിൽ ഇറക്കാൻ അനുകൂല അവസരമാണ്‌ മുന്നിലുള്ള ദിനങ്ങൾ. കൊച്ചിയിൽ വെളിച്ചെണ്ണ 26,600 ലും കൊപ്ര 17,600 മാണ്‌.

വിയെറ്റ്‌നാമിൽ ഇന്ന്‌ കുരുമുളക്‌ വില ഉയർന്ന വിവരം പുറത്തു വന്നത്‌ ഇന്ത്യൻ മാർക്കറ്റിൽ ഉൽപ്പന്ന വില മെച്ചപ്പെടുത്തി. കൊച്ചിയിൽ കുരുമുള‌ക്‌ വില ക്വിൻറ്റലിന്‌ 200 രൂപ വർദ്ധിച്ച്‌ 70,500 രൂപയായി. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന്‌ 8775 ഡോളറാണ്‌, വിയെറ്റ്‌നാം ടണ്ണിന്‌ 7750 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ഇതിനിടയിൽ വിയെറ്റ്‌നാം കഴിഞ്ഞമാസം 20,244 ടൺ കുരുമുളക്‌ കയറ്റുമതി നടത്തി. ഫെബ്രുവരിയെ അക്ഷേപിച്ച്‌ കയറ്റുമതിയിൽ 41 ശതമാനം ഉയർന്നു. അമേരിക്കയും ഇന്ത്യയുമാണ്‌ ഇറക്കുമതിയിൽ മുൻപന്തിയിൽ.

ടയർ കമ്പനികൾ റബറിൽ കാണിച്ച താൽപര്യം ഷീറ്റ്‌ വില ഉയർത്തിയെങ്കിലും നാലാം ഗ്രേഡിന്‌ 200 രൂപയിലെ പ്രതിരോധം മറികടക്കാനായില്ല. ഉത്സവ ദിനങ്ങളുടെ ആലസ്യത്തിൽ കാർഷിക മേഖല നീങ്ങുന്നതിനാൽ വിപണികളിൽ ഷീറ്റും ലാറ്റക്‌സും കുറഞ്ഞ അളവിലാണ്‌ വിൽപ്പനയ്‌ക്ക്‌ എത്തുന്നത്‌. കൊച്ചിയിൽ നാലാം ഗ്രേഡ്‌ കിലോ 199 രൂപയിലും അഞ്ചാം രേഗഡ്‌ 197 രൂപയിലുമാണ്‌. ലാറ്റക്‌സ്‌ വില 132 രൂപ. അന്താരാഷ്‌ട്ര വിപണിയിൽ റബർ വില നേരിയ റേഞ്ചിൽ കയറി ഇറങ്ങി.

ഇന്നത്തെ കമ്പോള നിലവാരം