image

14 April 2025 5:56 AM

Commodity

കേരപദ്ധതി: റബർ ഹെക്ടറിന് 75,000 രൂപ സബ്‌സിഡി, 6 ജില്ലകളിലെ കർഷകർക്ക് നേട്ടം

MyFin Desk

കേരപദ്ധതി: റബർ ഹെക്ടറിന് 75,000 രൂപ സബ്‌സിഡി, 6 ജില്ലകളിലെ കർഷകർക്ക് നേട്ടം
X

കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം ആരംഭിക്കും. റബ്ബർ കർഷകർക്ക്‌ ഹെക്ടറൊന്നിന്‌ 75,000 രൂപ സബ്‌സിഡിയായി കിട്ടും. ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡിയായി ലഭിക്കും. മൂന്ന്‌ വിളകളിലും പത്ത്‌ ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക്‌ പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽ നിന്നാണ് സബ്‌സിഡിക്ക്‌ അർഹരായവരെ തിരഞ്ഞെടുക്കുക.

അഞ്ച്‌ ഹെക്ടർവരെ റബ്ബർ കൃഷിയുള്ളവർക്കാണ്‌ സഹായധനം. ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക്‌ സഹായം നൽ‌കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർ കർഷകർക്കാണ് സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാട്‌ ജില്ലയിലെ കർഷകർക്കും ഏലം സഹായധനം ഇടുക്കിയിലെ കർഷകർക്കുമാകും നൽകുക. ജൂണിൽ സബ്‌സിഡി ലഭ്യമാകുമെന്ന്‌ കൃഷിവകുപ്പ്‌ അറിയിച്ചു.