7 April 2025 5:42 PM IST
വെളിച്ചെണ്ണ വിപണിയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിൻറ്റലിന് 200 രൂപ വർദ്ധിച്ച് റെക്കോർഡായ 26,700 ലേയ്‌ക്ക് കയറി, കൊപ്ര 17,700 രൂപയിലുമാണ്. കാർഷിക മേഖലകളിൽ കൊപ്രയ്‌ക്കും പച്ചതേങ്ങയ്‌ക്കും കടുത്ത ക്ഷാമം നേരിടുന്നതിനാൽ മില്ലുകാർ കിട്ടുന്ന വിലയ്‌ക്ക് ചരക്ക് സംഭരിക്കുന്ന നയത്തിലാണ്.
വിദേശത്ത് റബറിന് നേരിട്ട വില തകർച്ച ഇന്ത്യൻ മാർക്കറ്റിനെയും തളർത്തി. ടയർ നിർമ്മാതാക്കൾ റബർ സംഭരണത്തിൽ നിന്നും പെടുന്നനെ പിൻമാറിയതോടെ നാലാം ഗ്രേഡിന് കിലോ ആറ് രൂപ ഇടിഞ്ഞ് 195 രൂപയായി. ഈ വർഷം ഇത്ര ശക്തമായ വില തകർച്ച ആദ്യമാണ്. ഓഫ് സീസണായതിനാൽ താഴ്‌ന്ന വിലയ്‌ക്ക് വിൽപ്പനക്കാരില്ല. നിക്ഷേപകർ ജപ്പാൻ റബർ അവധി വ്യാപാര രംഗത്തെ ശക്തമായ വിൽപ്പന സമ്മർദ്ദമാണ് രാജ്യാന്തര തലത്തിൽ ഉൽപ്പന്ന വിലയെ ബാധിച്ചത്. ജപ്പാനിൽ പത്ത് ശതമാനം വില ഇടിഞ്ഞത് ഇതര വിപണികളെയും സമ്മർദ്ദത്തിലാക്കി.
ഉത്സവകാലഡിമാൻറ് മുൻ നിർത്തിആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്ക സംഭരണം ശക്തമാക്കി. കാർഷിക മേഖലയിൽ നടന്ന ലേലത്തിൽ 60,434 കിലോ ഏലക്ക വിൽപ്പന നടന്നു. വിദേശ രാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങൾ പ്രകാരമുള്ള കയറ്റുമതിപുരോഗമിക്കുന്നു. വിഷു, ഈസ്‌റ്റർ വിൽപ്പന മുന്നിൽ കണ്ട് ആഭ്യന്തര ഇടപാടുകാരും ഏലക്ക വാങ്ങി. മികച്ചയിനങ്ങൾ കിലോ 3023 രൂപ.