28 March 2025 12:21 PM
ആഗോള വിപണിയിൽ മുഖ്യ ഉൽപാദന രാജ്യങ്ങൾ കുരുമുളക് വില അടിക്കടി ഉയർത്തുന്നതിനാൽ തിരക്കിട്ട ചരക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ് യുറോപ്യൻ രാജ്യങ്ങൾ. മലേഷ്യയും ഇന്തോനേഷ്യയും പെരുന്നാൾ ആഘോഷങ്ങൾ കഴിയുന്നതോടെ വിപണിയിൽ കൂടുതൽ സജീവമാകും. കൊച്ചിയിൽ തുടർച്ചയായ മൂന്നാം ദിവസവും മുളക് വില ഉയർന്ന് ഗാർബിൾഡ് ക്വിൻറ്റലിന് 70,900 രൂപയായി.
ഉൽപാദന മേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്ക് പൂർണമായി ലേലം കൊണ്ടു. വരണ്ട കാലാവസ്ഥ മൂലം കാർഷിക മേഖലയിലെ സ്ഥിതിഗതികൾ തിരിച്ചടിയായി മാറുമെന്ന ആശങ്കയിൽ ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും ലേലത്തിൽ പിടിമുറുക്കി. അന്തർസംസ്ഥാന വാങ്ങലുകാരും ചരക്കിനായി രംഗത്തുണ്ട്. ലേലത്തിന് വന്ന 24,301 കിലോഗ്രാം ഏലക്ക മുഴുവൻ വിറ്റു, മികച്ചയിനങ്ങൾ കിലോ 3099 രുപയിലും ശരാശരി ഇനങ്ങൾ 2804 രൂപയിലുമാണ്.
റബർ ഉൽപാദന മേഖലകളിൽ നിന്നും കുറഞ്ഞ അളവിലാണ് ഷീറ്റ് സംസ്ഥാനത്തെ മുഖ്യ വിപണികളിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്. ഈസ്‌റ്ററും വിഷുവും മുൻ നിർത്തി അടുത്ത വാരം മുതൽ കർഷകർ കുടുതൽ ചരക്ക് വിപണികളിലേയ്‌ക്ക് നീക്കാൻ ഇടയുണ്ട്. നാലാം ഗ്രേഡ് റബർ 20,600 രൂപയായി ഉയർന്നപ്പോൾ അഞ്ചാം ഗ്രേഡ് 20,300 ൽ ഇടപാടുകൾ നടന്നു. രാജ്യാന്തര റബർ അവധി നിരക്കുകൾ ഇന്ന് നേരിയ റേഞ്ചിൽ നീങ്ങി.
നാളികേരോൽപ്പന്നങ്ങളുടെ വില സർവകാല റെക്കോർഡ് നിലവാരത്തിൽ തുടരുന്നു. ഗ്രാമീണ മേഖലകളിൽ നിന്നുള്ള പച്ചതേങ്ങ വരവ് ചുരുങ്ങിയതിനാൽ മില്ലുകാർ വില ഉയർത്തിയാണ് കൊപ്ര ശേഖരിക്കുന്നത്. മാസാന്ത്യം അടുത്ത സാഹചര്യത്തിൽ വെളിച്ചെണ്ണയ്‌ക്ക് പ്രദേശിക ഡിമാൻറ് ഉയരും. വെളിച്ചെണ്ണ 25,900 രൂപയിലും കൊപ്ര 17,300 ലുമാണ്.
ഇന്നത്തെ കമ്പോള നിലവാരം
