26 March 2025 12:18 PM
ജനുവരിയിൽ കേരളത്തിൽ നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ച വേളയിൽ ആവശ്യാനുസരണം ചരക്ക് ഇവിടെ നിന്ന് സംഭരിക്കാമെന്ന നിഗമനത്തിലായിരുന്നു തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ. എന്നാൽ കേരളത്തിൽ വിളവ് പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഇതേ തുടർന്ന് കിട്ടുന്ന വിലയ്ക്ക് പച്ചത്തേങ്ങ സംഭരിക്കാമെന്ന നിലപാടിലേക്ക് ഒരു വിഭാഗം മില്ലുകാർ ചുവടുമാറ്റി. എന്നാൽ, വില ഉയർത്തിയിട്ടും അവർക്ക് കാര്യമായി ചരക്ക് സംഭരിക്കാനായില്ല. ഇതോടെ പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില ഉയർന്നതിനൊപ്പം വെളിച്ചെണ്ണയുടെ വിലയും കത്തിക്കയറി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് നാളികേരോൽപന്നങ്ങളുടെ വിപണനം നടക്കുന്നത്. കൊപ്ര ക്വിൻറലിന് 17,500 രൂപയായി. കൊച്ചിയിൽ വെളിച്ചെണ്ണ റെക്കോഡ് വിലയായ 25,900 രൂപയിലെത്തി.
റബർ വിപണിയിൽ ആർ.എസ്.എസ്-നാലിന് കിലോയ്ക്ക് 204 രൂപയായി ഉയർന്നു. ആർ.എസ്.എസ്-അഞ്ചിന് 201 രൂപയും ലാറ്റക്സ് 137 രൂപയുമാണ് കോട്ടയം മാർക്കറ്റിലെ ഇന്നത്തെ വില. കുരുമുളക് വിലയിൽ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. ഗാർബിൾഡ് 70,700 രൂപയിലും അൺഗാർബിൾഡ് 68, 700 ലും സ്റ്റഡിയാണ്.
ഏലക്ക സംഭരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിച്ചു. വരണ്ട കാലാവസ്ഥ കണക്കിലെടുത്താൽ അടുത്ത മാസം മുതൽ ലഭ്യത ഗണ്യമായി കുറയുമെന്ന ആശങ്കയിലാണ് വാങ്ങലുകാർ. ഒട്ടുമിക്ക ഭാഗങ്ങളിലും വേനൽ കനത്തതോടെ തോട്ടങ്ങൾ വരണ്ട് ഉണങ്ങിയത് ഏലചെടികൾ കരിഞ്ഞ് ഉണങ്ങാൻ ഇടയക്കി. ഇന്ന് നടന്ന ലേലത്തിൽ 47,106 കിലോ ചരക്കു വിൽപ്പനക്ക് വന്നു. ശരാശരി ഇനങ്ങൾ കിലോ 2532 രൂപയിൽ കൈമാറി. മികച്ചയിങ്ങൾ 3103 രൂപയിലും.
ഇന്നത്തെ കമ്പോള നിലവാരം
