image

20 March 2025 5:38 PM IST

Commodity

റെക്കോര്‍ഡ് കുതിപ്പുമായി കൊപ്ര വില; ഡബിള്‍ സെഞ്ച്വറിയടിച്ച് റബർ

MyFin Desk

റെക്കോര്‍ഡ് കുതിപ്പുമായി കൊപ്ര വില; ഡബിള്‍ സെഞ്ച്വറിയടിച്ച് റബർ
X

സംസ്ഥാനത്ത്‌ റബർ വില 201 രൂപയായി ഉയർന്ന്‌ ഇടപാടുകൾ നടന്നു, പ്രമുഖ വിപണികളിൽ 203 രൂപയ്‌ക്കും ഷീറ്റിന്‌ ആവശ്യകാരുള്ളതായി വിപണി വൃത്തങ്ങൾ, എന്നാൽ ഇടപാടുകൾ ഉറപ്പിച്ചാൽ യഥാസമയം ചരക്ക്‌ കയറ്റി വിടുനാവുമോയെന്ന ആശങ്കയിലാണ്‌ മദ്ധ്യവർത്തികൾ. നിലവിലെ ചരക്ക്‌ ക്ഷാമം കണക്കിലെടുത്താൽ 205 രൂപയ്‌ക്കും വിൽപ്പനക്കാരില്ലെന്നാണ്‌ കൊച്ചി വിപണിയുമായി ബന്‌ധപ്പെട്ട ഒരു പ്രമുഖ ഇടപാടുകാരൻറ വിലയിരുത്തൽ. അതേ സമയം ഉൽപാദന മേഖല റബർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിക്കുകയാണ്‌. കാർഷിക മേഖലയിൽ റബർ നീക്കിയിരിപ്പ്‌ ചുരുങ്ങിയതിനാൽ വൻ കുതിപ്പ്‌ പ്രതീക്ഷിച്ച്‌ ചരക്ക്‌ പിടിക്കുന്നവരുമുണ്ട്‌. വരണ്ട കാലാവസ്ഥ ത്ന്നെയാണ്‌ അവരെ വിൽപ്പനയിൽ നിന്നും പിൻതിരിപ്പിക്കുന്ന മുഖ്യഘടകം. പല ഭാഗങ്ങളിലും പതിവിലും നേരത്തെ ടാപ്പിങ്‌ നിർത്തിവെക്കാൻ ഉൽപാദകർ നിർബന്‌ധിതരായത്‌ കരുതൽ ശേഖരം കുറയാൻ ഇടയാക്കി. കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ്‌ കിലോ 201 രൂപയിലേയ്‌ക്ക്‌ ഉയർന്നു.

വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചത്‌ കണ്ട്‌ ഈസ്‌റ്റർ വരെ കാത്ത്‌ നിൽക്കാതെ നാളികേരണ വിളവെടുപ്പിന്‌ ചെറുകിട കർഷകർ രംഗത്ത്‌ ഇറങ്ങി. മലബാർ മേഖലയിൽ പച്ചതേങ്ങ കിലോ 60 രൂപയ്‌ക്ക്‌ മുകളിൽ വിപണനം നടന്നത്‌ കണക്കിലെടുത്ത്‌ നാളികേരം മൂത്ത്‌ വിളയുന്നതിന്‌ കാത്ത്‌ നിൽക്കാതെ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ സജ്ജമാകകാനുള്ള നീക്കത്തിലാണ്‌ പലരും. ചുരുങ്ങിയ ദിവസങ്ങളിൽ വെളിച്ചെണ്ണ വില 1000 രൂപ വർദ്ധിച്ചു. മില്ലുകാർ കൊപ്ര സംഭരിക്കാൻ കാർഷിക മേഖലകളിലും നീക്കം നടത്തിയത്‌ വിലക്കയറ്റത്തിന്‌ വേഗ പകർന്നു. റെക്കോർഡ്‌ വിലയായ 16,250 രൂപയിലാണ്‌ കൊപ്ര. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനത്തിലുണ്ടായ ഇടിവ്‌ മൂലം കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വിളവ്‌ ചുരുങ്ങിയത്‌ പച്ചതേങ്ങ ലഭ്യത കുറയാൻ ഇടയാക്കി.

ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ഏലക്കയിൽ താൽപര്യം നിലനിർത്തി. മഴ മേഘങ്ങളുടെ അഭാവവും വരണ്ട കാലാവസ്ഥയും കണക്കിലെടുത്താൽ കർഷകരും മദ്ധ്യവർത്തികളും ലേലത്തിനുള്ള ഏലക്ക നീക്കം നിയന്ത്രിച്ചെങ്കിലും പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ വില ഉയർന്നില്ല. കാലാവസ്ഥ ഈ വിധം തുടർനാൽ വിഷു ‐ഈസ്‌റ്റർ വേളയിൽ ആകർഷകമായ നിരക്കിൽ സ്‌റ്റോക്കുള്ള ഏലക്ക വിറ്റുമാറാനാവുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ഒരു വിഭാഗം. ഉൽപാദന മേഖലയിൽ ഇന്ന്‌ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന്‌ 2858 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2558 രൂപയിലും കൈമാറി.

ഇന്നത്തെ കമ്പോള വില നിലവാരം