13 March 2025 5:23 PM IST
നാളികേരോൽപ്പന്നങ്ങൾ ചരിത്രനേട്ടത്തിൽ. വിളവെടുപ്പ് വേളയിലും പച്ചതേങ്ങയ്‌ക്കും കൊപ്രയ്‌ക്കും നേരിട്ട ക്ഷാമം മില്ലുകളുടെ പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചതോടെ അവർ വില ഉയർത്തി ചരക്ക് സംഭരിക്കുകയാണ്. അസംസ്‌കൃത വസ്‌തുക്കളുടെ ക്ഷാമം മൂലം വെളിച്ചെണ്ണ ഉൽപാദനത്തിൽ കുറവ് സംഭവിച്ചു. സംസ്ഥാനത്ത് ഇത് നാളികേര വിളവെടുപ്പ് വേളയാണെങ്കിലും നിത്യാവശ്യങ്ങൾക്കുള്ള തേങ്ങ മാത്രമേ വിപണികളിൽ എത്തുന്നുള്ളു, ഇതിനിടയിൽ തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ അതിർത്തി ജില്ലകളിൽ നിന്നും നാളികേരം ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ കൊപ്ര റെക്കോർഡ് വിലയായ 15,700 രൂപയിൽ ഇടപാടുകൾ നടന്നു.
അന്താരാഷ്‌ട്ര മാർക്കറ്റിൽ നീണ്ട ഇടവേളയ്‌ക്ക് ശേഷം കുരുമുളക് വില ടണ്ണിന് 10,000 ഡോളറിലേയ്‌ക്ക് അടുത്തു. ആഗോള തലത്തിൽ കുരുമുളകിന് ആവശ്യം ഉയർന്നതിനിടയിൽ ഉൽപാദന രാജ്യങ്ങൾ ചരക്ക് കയറ്റുമതിക്ക് ക്ലേശിച്ചതാണ് വിപണി ചൂടുപിടിക്കാൻ വഴി ഒരുക്കിയത്. വാങ്ങലുകാർ ലഭ്യത ഉറപ്പ് വരുത്താൻ ഉൽപാദന രാജ്യങ്ങളിൽ നേരിട്ട് ഇറങ്ങിയത് വിലക്കയറ്റത്തിന് വേഗത പകർന്നു. ഇതിനിടയിൽ മലേഷ്യൻ കയറ്റുമതിക്കാർ മുളക് വില ടണ്ണിന് 9800 ഡോളറായി ഉയർത്തി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 300 രൂപ ഉയർന്ന് 68,200 രൂപയായി.
ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും ഏലതോട്ടങ്ങൾ പലതും വരൾച്ചയിൽ വറ്റി വരണ്ടതോടെ കൃഷി നിലനിർത്താൻ പരക്കം പായുകയാണ് കർഷകർ. കൃഷിയിടങ്ങളിൽ മേൽ മണ്ണ് വരണ്ടതോടെ ഏലചെടിയുടെ വേരുകൾ ഉണങ്ങുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. വൻകിട തോട്ടങ്ങൾ ടാങ്കർ ലോറികളെ ആശ്രയിച്ച് ആവശ്യമായ നന നൽക്കുകയാണ്. എന്നാൽ ചെറുകിട കർഷകർ ഈ അവസരത്തിൽ നിസ്സഹായരാകുന്നു. വരൾച്ച തുടരുന്നതിനാൽ തോട്ടങ്ങളിൽ രാസവളങ്ങൾ പ്രയോഗിക്കുന്നതിൽ നിന്നും പലരും പിൻതിരിഞ്ഞു. ഈ നില തുടർന്നാൽ അടുത്ത സീസണിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2706 രൂപയിലും മികച്ചയിനങ്ങൾ 3053 രൂപയിലും കൈമാറി. ആഭ്യന്തര വാങ്ങലുകാർക്ക് ഒപ്പം കയറ്റുമതി സമൂഹവും ലേലത്തിൽ പങ്ക് ചേർന്നു.
ഇന്നത്തെ കമ്പോള വില നിലവാരം