image

18 Oct 2023 12:17 PM GMT

Commodity

തേയില വിപണി പിടിച്ചുലച്ച് ഇസ്രയേല്‍; മഴ തുടര്‍ന്നാല്‍ റബര്‍ പ്രതിസന്ധിയിലേക്ക്

MyFin Desk

തേയില വിപണി പിടിച്ചുലച്ച് ഇസ്രയേല്‍; മഴ തുടര്‍ന്നാല്‍ റബര്‍ പ്രതിസന്ധിയിലേക്ക്
X

Summary

  • മോശമാകാതെ ഏലം


പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ തേയില കയറ്റുമതി മേഖല ആശങ്കയില്‍. ദക്ഷിണേന്ത്യന്‍ തേയിലയുടെ ഒരു മികച്ച വിപണിയാണ് ഇസ്രയേല്‍. രാജ്യം യുദ്ധത്തിലേയ്ക്ക് തിരിഞ്ഞത് നമ്മുടെ തേയില കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്ന ഭീതിയിലാണ് ഈ മേഖലയിലെ കയറ്റുമതിക്കാര്‍. റഷ്യ-ഉക്രയ്ന്‍ യുദ്ധം നമ്മുടെ തേയിലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍. ഇതിനിടയില്‍ ഇറാനില്‍ നിന്നുള്ള ഓര്‍ഡറുകളും കുറഞ്ഞത് ലേല കേന്ദ്രങ്ങളില്‍ ഇല, പൊടി തേയില വിലകളെ ബാധിക്കുമെന്ന ആശങ്കയിലാണ് തോട്ടം മേഖല. കൊച്ചി, കൂന്നുര്‍, കോയമ്പത്തൂര്‍ തേയില ലേലങ്ങളില്‍ വിവിധയിനങ്ങളുടെ വില കുറയാനുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തി ലേലത്തിന് ഇറക്കുന്ന ചരക്ക് നീക്കം എസ്റ്റേറ്റുകള്‍ നിയന്ത്രിക്കുന്നത് ഒരു പരിധി വരെ വിപണിക്ക് താങ്ങ് പകരും.

മോശമാകാതെ ഏലം

ഇടുക്കിയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ചരക്ക് ശേഖരിക്കാന്‍ ഉത്സാഹിച്ചത് വില്‍പ്പനയ്ക്ക് എത്തിയ ചരക്കില്‍ ഭുരിഭാഗവും വിറ്റുമാറാന്‍ അവസരം ഒരുക്കി. മൊത്തം 65,404 കിലോ ചരക്ക് വന്നതില്‍ 61,832 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനങ്ങള്‍ കിലോ 2121 രൂപയിലും ശരാശരി ഇനങ്ങള്‍ 1570 രൂപയിലും കൈമാറ്റം നടന്നു.

മഴപ്പേടിയില്‍ റബര്‍

ഉത്തരേന്ത്യന്‍ വ്യവസായികള്‍ ലാറ്റക്സ് സംഭരിക്കാന്‍ മത്സരിച്ചു. വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ ഇന്നും ഇന്നലെയുമായി ക്വിന്റ്റലിന് 500 രൂപ ഉയര്‍ന്ന് 11,200 ലാണ് ഇടപാടുകള്‍ അവസാനിച്ചത്. രാത്രി മഴ മൂലം പല ഭാഗങ്ങളിലും റബര്‍ ടാപ്പിങ് തടസപ്പെട്ടത് വ്യവസായികളില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. മഴ നീണ്ടുനിന്നാല്‍ ലാറ്റക്സിന് ക്ഷാമം നേരിടുമെന്ന ഭീതിയും വില ഉയര്‍ത്താന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചു. അതേ സമയം ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ് റബര്‍ വില ഉയര്‍ത്താതെ 15,300 രൂപയ്ക്ക് ശേഖരിച്ചു. ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് ഇന്ന് 14,700 രൂപയായി ഉയര്‍ന്നു.