20 Sep 2023 10:42 AM GMT
Summary
- മഹാരാഷ്ട്രയിലും കര്‍ണാടകയിലും കരിമ്പ് ഉല്‍പ്പാദനം ഇടിയും
- ഉത്സവ സീസണില്‍ പഞ്ചസാര ലഭ്യത ഉറപ്പുവരുത്തും
- മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ഓഫ് സീസണില്‍ പഞ്ചസാര വിലകൂടുന്നു
ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി പകുതിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വന്‍കിടവ്യാപാരികള്‍. ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന ഇടിവാണ് ഇതിനു കാരണം. എന്നാല്‍, ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ സ്റ്റോക്ക് ലഭ്യമായതിനാല്‍ പ്രാദേശിക വിലകള്‍ ഉയരാനിടയില്ലെന്നാണ് വിലയിരുത്തല്‍. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിയ തോതില്‍ ഉയര്‍ന്നു.
2021-22 ല്‍ (ഒക്ടോബര്‍-സെപ്റ്റംബര്‍)പഞ്ചസാര കയറ്റുമതി റെക്കാര്‍ഡായ 11 ദശലക്ഷം ടണ്‍ എന്ന നിലയില്‍ എത്തിയിരുന്നു. ഈ കാലയളവില്‍ ആഭ്യന്തര ഉല്‍പ്പാദനം 36 ദശലക്ഷം ടണ്ണിലെത്തി. നടപ്പുവര്‍ഷത്തെ ഉല്‍പ്പാദനം 33 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് അനുമാനം.. അപ്പോള്‍ കയറ്റുമതി ആറ് ദശലക്ഷം ടണ്ണിലേക്ക് ചുരുങ്ങുമെന്നും.
2023-24 വര്‍ഷത്തേക്കുള്ള പഞ്ചസാര കയറ്റുമതി നയം ജനുവരിയോടെ മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുള്ളു. കയറ്റുമതിയില്‍ കൂടുതല്‍ ഇടിവ് വ്യാപാരികളും വ്യവസായമേഖലയും പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ (ഐഎസ്എംഎ) പ്രാഥമിക കണക്കുകള്‍ പ്രകാരം 2023-24ല്‍ 36.2 ദശലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദനം പ്രതീക്ഷിക്കുന്നു. എത്തനോള്‍ ഉല്‍പ്പാദനത്തിനായി 4.5 ദശലക്ഷം ടണ്‍ മാറ്റിവെക്കും. ആഭ്യന്തര ഉപഭോഗം 27.5 ദശലക്ഷം ടണ്‍ പ്രതീക്ഷിക്കുന്നതിനാല്‍ 4.2 ദശലക്ഷം ടണ്‍ മിച്ചമുണ്ടാകും, പക്ഷേ അവയെല്ലാം കയറ്റുമതി ചെയ്യാന്‍ കഴിയില്ല.
''മഹാരാഷ്ട്രയിലും കര്‍ണാടകയിലും കരിമ്പിന്റെ വിളവ് കുറവ് കാരണം മൊത്തം പഞ്ചസാര ഉല്‍പ്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍, ഉത്തര്‍പ്രദേശ് മെച്ചപ്പെട്ട നിലയിലാണ്,' ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രഫുല്‍ വിത്തലാനി പറഞ്ഞു. രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനത്തിന്റെ 80 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്.
പഞ്ചസാരയുടെ മൊത്തവില കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്ന് മഹാരാഷ്ട്രയില്‍ ഏകദേശം 37 രൂപയായും ഉത്തര്‍പ്രദേശില്‍ കിലോയ്ക്ക് 39 രൂപയായും വര്‍ധിച്ചു. അടുത്ത സീസണില്‍ പഞ്ചസാര ഉല്‍പ്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ഓഫ് സീസണിലാണ് സാധാരണയായി വില ഉയരുന്നതെന്ന് വിത്തലാനി പറഞ്ഞു.
നവംബറിലാണ് ദീപാവലി ആഘോഷിക്കുന്നത്. പൂജാ കാലത്തിനൊപ്പം ദീപാവലി കാലത്തും മധുരത്തിന് ഏറെ ഡിമാന്‍ഡ് ഉണ്ട്. സെപ്റ്റംബര്‍ ഒന്നിന് നിലവിലുള്ള 80 ലക്ഷം ടണ്‍ സ്റ്റോക്ക് നവംബര്‍ അവസാനം വരെ മതിയാകും. ഡിസംബറോടെ വിലയില്‍ നാല മുതല്‍ അഞ്ച് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഉല്‍പ്പാദക സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ പഞ്ചസാര ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനത്തിലധികം വര്‍ധന പ്രതീക്ഷിക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ ഉല്‍പ്പാദനത്തില്‍ എട്ട് ശതമാനവും കര്‍ണാടകയില്‍ 10 ശതമാനവും ഇടിവുണ്ടാകുമെന്നും ഇസ്മ പ്രവചിക്കുന്നു. ഈ കണക്കുകള്‍ ജൂലൈ അവസാനം വരെയുള്ളതാണ്. ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്ന അന്തിമ ഡാറ്റയില്‍ മാറ്റം വന്നേക്കാം.
''ഓഗസ്റ്റില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. അതിനാല്‍ മൊത്തം ഉല്‍പ്പാദനം എന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്,'' ശ്രീ രേണുക ഷുഗേഴ്സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അതുല്‍ ചതുര്‍വേദി പറഞ്ഞു.
പ്രാദേശികമായി ഉയര്‍ന്ന വിലയുണ്ടെങ്കിലും, തായ്ലന്‍ഡ്, ചൈന തുടങ്ങിയ മറ്റ് ഉല്‍പ്പാദക രാജ്യങ്ങളില്‍ ഉല്‍പ്പാദനം കുറവായതിനാല്‍ ഇന്ത്യന്‍ പഞ്ചസാരയ്ക്ക് ആഗോള വിപണിയേക്കാള്‍ കിലോയ്ക്ക് 25-30 രൂപ കുറവാണ്. ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ ഉല്‍പ്പാദനം മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും, അടുത്ത സീസണില്‍ കൂടുതല്‍ കയറ്റുമതി നടത്തി ആഗോള സാഹചര്യം പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല.
''കയറ്റുമതി വിപണി തുറന്നിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിലും ആഭ്യന്തര വിപണിയില്‍ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ ഇത് നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്,'' ചതുര്‍വേദി പറഞ്ഞു.
ഡിസിഎം ശ്രീറാമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍എല്‍ തമാക് പറയുന്നതനുസരിച്ച്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗാര്‍ഹിക പഞ്ചസാര ഉപഭോഗം പ്രതിവര്‍ഷം 2-3 ശതമാനം വര്‍ധിച്ചുവരുന്നുണ്ട്.
എഥനോള്‍ ഉല്‍പ്പാദനത്തിനായി കൂടുതല്‍ കരിമ്പ് പെട്രോളില്‍ കലര്‍ത്താന്‍ സര്‍ക്കാര്‍ വകമാറ്റുന്നു. നിലവില്‍, പെട്രോളുമായി എഥനോള്‍ കലര്‍ത്തുന്നത് ഏകദേശം 12 ശതമാനമാണ്. 2025 ഓടെ ഇത് 20 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.