5 Feb 2025 12:35 PM GMT
അമേരിക്കയും ബിജിങും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ സങ്കീർണതയിലേയ്‌ക്ക് നീങ്ങിയതോടെ ചൈനീസ് ടയർ ലോബി രാജ്യാന്തര റബർ മാർക്കറ്റിൽ നിന്നും പെടുന്നനെ പിൻമാറി. ടയർ വ്യവസായികളുടെ നീക്കം അത്ര ശുഭകരമല്ലെന്ന മനസിലാക്കി നിക്ഷേപകർ ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബറിലെ പൊസിഷനുകൾ കുറക്കാൻ തിരക്കിട്ട നീക്കം നടത്തിയത് വില തകർച്ചയ്‌ക്ക് ഇടയാക്കി. റബർ മെയ് അവധി കിലോ 377 യെന്നിലേയ്‌ക്ക് ഇടിഞ്ഞു. കേരളത്തിൽ നാലാം ഗ്രേഡ് റബർ കിലോ രണ്ട് രൂപ കുറഞ്ഞ് 190 രൂപയായി.
ചുക്ക് സ്‌റ്റോക്കിസ്‌റ്റുകൾ വില തകർച്ചയ്‌ക്ക് മുന്നിൽ സ്‌തംഭിച്ച് നിൽക്കുകയാണ്. പച്ച ഇഞ്ചി ഉൽപാദനം ഉയർന്നതോടെ ചുക്ക് വില കഴിഞ്ഞ ദിവസം ക്വിൻറ്റലിന് 10,000 രൂപ ഇടിഞ്ഞു. അതേ സമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇഞ്ചി വില കുറഞ്ഞത് നടപ്പ് വർഷം ചുക്ക് ഉൽപാദനം ഇരട്ടിക്കാൻ ഇടയാക്കാം. കൊച്ചിയിൽ ചുക്ക് സ്‌റ്റോക്ക് കുറവാണെങ്കിലും ഉൽപാദന മേഖലകളിൽ നീക്കിയിരിപ്പുണ്ട്. ഇതിനിടയിൽ സ്‌റ്റോക്കുള്ള ചുക്കിന് കുത്ത് വീഴാനുള്ള സാധ്യതകളും ഉൽപാദകരെ ആശങ്കയിലാക്കുന്നു. വിവിധയിനം ചുക്ക് 22,500‐25,000 രൂപയിൽ വ്യാപാരം നടന്നു. ഗൾഫ് മേഖലയിൽ നിന്നും നൊയമ്പ് കാല ആവശ്യങ്ങൾക്ക് എത്തിയ ഓർഡറുകളിൽ ഏറിയ പങ്കും കയറ്റുമതി നടത്തി.
നെടുക്കണ്ടത്ത് രാവിലെ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ പിൻതുണ ലഭ്യമായിട്ടും ഉൽപാദകരുടെ പ്രതീക്ഷയ്‌ക്ക് ഒത്ത വില ഉറപ്പ് വരുത്താനായില്ല. ശരാശരി ഇനങ്ങൾ കിലോ 2953 രൂപയിൽ കൈമാറി. അതേ സമയം വിദേശ ഓർഡറുകളുടെ മികവിൽ മികച്ചയിനങ്ങൾ 3142 രൂപയിൽ ലേലം ഉറപ്പിച്ചു. മൊത്തം 38,074 കിലോഗ്രാം ഏലക്ക വന്നതിൽ 34,464 കിലോയും വിറ്റഴിഞ്ഞു.