17 Nov 2023 12:30 PM GMT
Summary
- ഏഷ്യന്‍ വിപണികളിലെ തളര്‍ച്ച കേരളത്തിലും പ്രതിഫലിക്കുന്നു
ഏഷ്യന്‍ റബര്‍ അവധി വ്യാപാര കേന്ദ്രങ്ങളില്‍ ഉല്‍പന്ന വിലയില്‍ അനുഭവപ്പെട്ട നേരിയ തളര്‍ച്ച കണ്ട് ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ സംസ്ഥാനത്തെ മുഖ്യ വിപണികളില്‍ നിന്നും അല്‍പ്പം വിട്ടുനിന്നു. ജപ്പാന്‍, സിംഗപ്പൂര്‍ മാര്‍ക്കറ്റുകളിലെ മാന്ദ്യം ചൈനീസ് റബറിലും സ്വാധീനം ചെലുത്തി. ഇതിനിടയില്‍ മുഖ്യ റബര്‍ കയറ്റുമതി രാജ്യമായ തായ്‌ലണ്ടിലെ ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 14,230 രൂപയിലേയ്ക്ക് ഇടിഞ്ഞതും കൊച്ചി, കോട്ടയം വിപണികളുടെ കരുത്തിനെ ബാധിക്കുന്നു. നാല് ദിവസത്തിനിടയില്‍ 400 രൂപ ഇടിഞ്ഞ് 15,300 രൂപയിലാണ് ഇടപാടുകള്‍ നടക്കുന്നത്. ഒട്ടുപാലിനും ലാറ്റക്‌സിനും ഉത്തരേന്ത്യന്‍ ആവശ്യക്കാര്‍ കുറവാണ്.
അടുത്ത സീസണിലെ കുരുമുളക് ഉല്‍പാദനം സംബന്ധിച്ച കണക്കുകള്‍ വരും ദിനങ്ങളില്‍ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയാക്കാം. തുലാമഴ അനുകൂലമായത് കുരുമുളക് കൊടികള്‍ക്ക് വീര്യം പകര്‍ന്നതായാണ് ഒട്ടുമിക്ക തോട്ടങ്ങളില്‍ നിന്നും ലഭ്യമാവുന്ന സൂചന. അതേ സമയം ഇനി മഴ കനത്താല്‍ തിരികള്‍ അടര്‍ന്ന് വീഴാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായും കര്‍ഷകര്‍ വ്യക്തമാക്കി. കേരളത്തെ അപേക്ഷിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി വ്യാപിപ്പിച്ചതിനാല്‍ ഉല്‍പാദനം ഉയരുമെന്നാണ് അവിടെ നിന്നുള്ള വിവരം. ഹൈറേഞ്ച് മുളകിന് ഡിമാന്റ്് ശക്തമായതിനാല്‍ കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 59,700 രൂപയായി ഉയര്‍ന്നു.
ഉല്‍പാദന മേഖലയില്‍ രാവിലെ നടന്ന ഏലക്ക ലേലത്തില്‍ കാല്‍ ലക്ഷം കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ ഏറിയ പങ്കും വിറ്റഴിഞ്ഞു. എന്നാല്‍ പിന്നിട്ട ദിവസങ്ങളെ അപേക്ഷിച്ച് വരവ് ചുരുങ്ങിയെങ്കിലും നിരക്ക് ഉയര്‍ത്താന്‍ വാങ്ങലുകാര്‍ കാര്യമായ താല്‍പര്യം കാണിച്ചില്ല. മികച്ചയിനങ്ങള്‍ കിലോ 1806 രൂപയിലും ശരാശരി ഇനങ്ങള്‍ 1434 രൂപയിലും വിപണനം നടന്നു. മൊത്തം 24,080 കിലോ ഏലക്കയുടെ ലേലം നടന്നു ആഭ്യന്തര വാങ്ങലുകാര്‍ രംഗത്ത് സജീവമായിരുന്നു.