image

8 Dec 2023 12:24 PM GMT

Commodity

വിളവെടുപ്പിന് തുടക്കം കുറിച്ച് കുരുമുളക്; റബര്‍ വിലയില്‍ നേരിയ പ്രതീക്ഷ

Kochi Bureau

വിളവെടുപ്പിന് തുടക്കം കുറിച്ച് കുരുമുളക്; റബര്‍ വിലയില്‍ നേരിയ പ്രതീക്ഷ
X

Summary

  • ഏലക്ക ലേലത്തില്‍ ഉല്‍പാദകര്‍ക്ക് പ്രതീക്ഷ


ചൈനീസ് സാമ്പത്തിക മേഖലയില്‍ നിന്നും ഉണര്‍വിന്റെ സൂചനകള്‍ പുറത്തുവന്നതിനൊപ്പം ജപ്പാനും മികവിലേയ്ക്ക് തിരിയുന്ന വാര്‍ത്തകള്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ക്ക് പുതുജീവന്‍ പകരുമെന്ന പ്രതീക്ഷയില്‍ ഉല്‍പാദന രാജ്യങ്ങള്‍. ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് റബര്‍ അവധിവ്യാപാര രംഗത്ത് ഫണ്ടുകളും ഊഹക്കച്ചവടക്കാരും വാങ്ങലുകള്‍ക്ക് കാണിച്ച താല്‍പര്യം റബര്‍ വിലയില്‍ ചലനമുളവാക്കി. ചൈനീസ് കാര്‍ നിര്‍മ്മാണ മേഖല തിരിച്ച് വരവിന് ഒരുങ്ങുന്നത് ടയറിന് ഡിമാന്റ് ഉയര്‍ത്തും. ജപ്പാനില്‍ വാഹന വില്‍പ്പന നവംബറില്‍ ഉയര്‍ന്ന വിവരവും റബറിന് അനുകൂലമാണ്. പുതിയ സാഹചര്യത്തില്‍ മുഖ്യ റബര്‍ കയറ്റുമതി രാജ്യമായ തായ് ലന്‍ഡില്‍ റബര്‍ ഷീറ്റിനും ലാറ്റക്സിനും ഡിമാന്റ് ഉയരുന്നത് കേരളത്തിലെ ഉല്‍പാദകര്‍ക്ക് നേട്ടത്തിന് അവസരം ഒരുക്കാം. നാലാം ഗ്രേഡ് റബര്‍ വില ക്വിന്റലിന് 15,100 രൂപയായി ഉയര്‍ന്നു.

ഏലം വിലയില്‍ ഉണര്‍വ്വ്

സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമത്തില്‍ നടന്ന ഏലക്ക ലേലത്തില്‍ ഉല്‍പാദകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ഉല്‍പ്പന്ന വിലയില്‍ ഉണര്‍വ് ദൃശ്യമായി. ക്രിസ്തുമസ്-ന്യൂ ഇയര്‍ ഡിമാന്റെിന്റെ പിന്‍ബലത്തില്‍ വില്‍പ്പനയ്ക്ക് വന്ന ചരക്കില്‍ ഭൂരിഭാഗവും ഇടപാടുകാര്‍ കൊത്തി പെറുക്കാന്‍ മത്സരിച്ചതും ശ്രദ്ധേയമായി. 83,473 കിലോഗ്രം ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 83,110 കിലോയും വാങ്ങലുകാര്‍ ശേഖരിച്ചു. മികച്ചയിനങ്ങള്‍ കിലോ 2378 രൂപയിലും ശരാശരി ഇനങ്ങള്‍ 1556 രൂപയിലും ലേലം കൊണ്ടു. ഉത്സവ ദിനങ്ങള്‍ അടുത്തതോടെ പ്രദേശിക വിപണികളിലും ഏലത്തിന് ആവശ്യം ഉയര്‍ന്നു.

വിളവെടുപ്പിന് തുടക്കം കുറിച്ച് കുരുമുളക്

തെക്കന്‍ കേരളത്തില്‍ നിന്നും ചെറിയ അളവില്‍ പുതിയ മൂപ്പ് കുറഞ്ഞ കുരുമുളക് വില്‍പ്പനയ്ക്ക് ഇറങ്ങി. പതിവിലും അല്‍പ്പം വൈകിയാണ് പല ഭാഗങ്ങളിലും വിളവെടുപ്പിന് തുടക്കം കുറിച്ചത്. കുരുമുളക് സത്ത് നിര്‍മ്മാതാക്കള്‍ കിലോ 150 രൂപയ്ക്ക് ചരക്ക് സംഭരിക്കുന്നുണ്ട്. എണ്ണയുടെ അംശം ഉയര്‍ന്ന് നില്‍ക്കുന്ന ചരക്കിന് ആകര്‍ഷക മായ വില ഉറപ്പ് വരുത്താന്‍ പലര്‍ക്കുമായി. ഇതിനിടയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല അച്ചാര്‍ നിര്‍മ്മാണ യൂണിറ്റുകളും മൂപ്പ് കുറഞ്ഞ മുളക് തേടി തിരുവന്തപുരം, കൊല്ലം ജില്ലകളിലെ കുരുമുളക് ഉല്‍പാദന മേഖലകളില്‍ തമ്പടിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് ചരക്ക് ശേഖരിക്കുന്നുണ്ട്.

കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില കിലോ 595 രൂപ.