5 March 2024 11:57 AM GMT
Summary
- വിളവെടുപ്പ് അവസാനിക്കുന്നതോടെ വിപണി കരുത്ത് തിരിച്ചു പിടിക്കാന്‍ കുരുമുളക്
- ജനുവരി മുതല്‍ കുരുമുളകിന് ഇടിവ്
- ഏലം തേടി മസാല വിപണികള്‍
ഉത്തരേന്ത്യന്‍ ലോബിയും അന്തര്‍സംസ്ഥാന വാങ്ങലുകാരും ചേര്‍ന്ന് കുരുമുളക് കര്‍ഷകരെ ചക്രശ്വാസം വലിപ്പിക്കുന്നു. ജനുവരി പിറന്ന ശേഷം കുരുമുളക് വില ക്വിന്റ്റലിന് ഇതിനകം 10,300 രൂപ ഇടിഞ്ഞു. പ്രതികൂല കാലാവസ്ഥയില്‍ ഉല്‍പാദനം ഉയര്‍ന്നില്ലെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നതിനിടയിലാണ് വാങ്ങലുകാര്‍ സംഘടിതരായി കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്ത്കൊണ്ട് ഉല്‍പ്പന്നം താഴ്ന്ന വിലയ്ക്ക് കൈക്കലാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കുരുമുളകിനുള്ള അതിശക്തമായ ഡിമാന്റിന് അനുസൃതമായി ചരക്ക് ലഭിക്കാത്തിനാല്‍ ഏതാനും വര്‍ഷങ്ങളായി വിദേശത്ത് നിന്നും മുളക് എത്തിച്ചാണ് ആഭ്യന്തര ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കുന്നത്. വിളവെടുപ്പ് അവസാനിക്കുന്നതോടെ വിപണി കരുത്ത് തിരിച്ചു പിടിക്കുമെന്ന കണക്ക് കൂട്ടലിലാണ് വ്യാപാര രംഗം. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 49,500 രൂപ.
ചുക്ക്
സ്റ്റോക്കിസ്റ്റുകള്‍ ചുക്ക് നീക്കം നിയന്ത്രിക്കുന്നതിനാല്‍ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യത. ചെറുകിട വിപണികളില്‍ ഇടത്തരം ചുക്ക് കിലോ 365 രൂപയിലും മികച്ചയിനങ്ങള്‍ കിലോ 400 രൂപ വരെയും ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. അതേ സമയം കൊച്ചിയില്‍ ഇവ യഥാക്രമം 370 390രൂപയിലാണ്. ടെര്‍മിനല്‍ വിപണിയില്‍ ചുക്ക് സ്റ്റോക്ക് നാമമാത്രമാണ്.
ഏലം
മികച്ചയിനം ഏലക്ക വിലയില്‍ നേരിയ ഉണര്‍വ് ദൃശ്യമായെങ്കിലും ശരാശരി ഇനങ്ങള്‍ക്ക് മുന്നേറാനായില്ല. സുഗന്ധവ്യഞ്ജന മസാല വ്യവസായികളും ഇതര വ്യാപാരികളും ഏലക്കയില്‍ താല്‍പര്യം കാണിച്ചു. ശരാശരി ഇനങ്ങള്‍ കിലോ 1484 രൂപയിലും വലിപ്പം കൂടിയ ഇനങ്ങള്‍ 2265 രൂപയിലും ലേലം നടന്നു, മൊത്തം 46,071 കിലോ ഏലക്ക ലേലത്തില്‍ കൈമാറി.