image

27 Jan 2025 12:40 PM GMT

Commodity

പകല്‍ താപനില ഉയരുന്നു; തോട്ടം മേഖല പ്രതിസന്ധിയിലേക്ക്

MyFin Desk

പകല്‍ താപനില ഉയരുന്നു;   തോട്ടം മേഖല പ്രതിസന്ധിയിലേക്ക്
X

Summary

  • നാളികേര വിപണിയെ സമ്മര്‍ദ്ദിത്താലാക്കാന്‍ ശ്രമം
  • ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങള്‍ വാടുന്നു


തമിഴ്‌നാട്ടില്‍ പച്ചത്തേങ്ങ ക്ഷാമം രൂക്ഷമായി. കഴിഞ്ഞ വാരം കൊപ്രയാട്ട് വ്യവസായികളുടെ പെട്ടെന്നുള്ള പിന്‍വാങ്ങലിലൂടെ വിപണിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത് കാര്‍ഷിക മേഖലയില്‍ ചലനമുളവാക്കിയില്ല. അതേ സമയം അയല്‍ സംസ്ഥാനങ്ങളില്‍ പച്ചതേങ്ങ ലഭ്യത ചുരുങ്ങിയതിനാല്‍ കിലോ 90 രൂപ വരെ വില ഉയര്‍ന്നു. എന്നാല്‍ പല ഭാഗങ്ങളിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 60 രൂപ മാത്രമാണ്. ഇടനിലക്കാര്‍ വിപണിയിലെ ചരക്ക് ക്ഷാമം നേട്ടമാക്കുകയാണ്. കാങ്കയത്ത് കൊപ്ര കിന്റ്‌റലിന് 14900 രൂപയിലും കൊച്ചിയില്‍ 15100 രൂപയിലുമാണ് വ്യാപാരം. വെളിച്ചെണ്ണ വില 22500 രൂപയാണ്.

സംസ്ഥാനത്ത് പകല്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ വര്‍ധിക്കുമെന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് തോട്ടം മേഖലയുടെ ഉറക്കം കെടുത്തും. ഇതിനകം ഉയര്‍ന്ന ചൂടിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ ഹൈറേഞ്ചിലെ ഏലക്ക തോട്ടങ്ങള്‍ വാടി തുടങ്ങി. ജനുവരിയില്‍ പകല്‍ താപനില ഇതാണെങ്കില്‍ മുന്നിലുള്ള മാസങ്ങളില്‍ ഏലതോട്ടങ്ങളെ ചൂട് എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് ഉല്‍പാദകര്‍.

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഏലക്കയില്‍ കാണിക്കുന്ന ഉത്സാഹം വിലക്കയറ്റത്തിന് വേഗത പകരാനും ഇടയുണ്ട്. ലേലത്തിലെ വാങ്ങല്‍ താല്‍പര്യം കണക്കിലെടുത്താല്‍ ഏലം കൂടുതല്‍ ശ്രദ്ധിക്കപ്പെടാം. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 3244 ശരാശരി ഇനങ്ങള്‍ 2987 രുപയിലുമാണ്.

പകല്‍ താപനില ഉയര്‍ന്നതിനിടയില്‍ റബര്‍ മരങ്ങള്‍ പാല്‍ ചുരത്തുന്നത് പല ഭാഗങ്ങളിലും പകുതിയായി. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നടക്കുന്ന ടാപ്പിങ് നിര്‍ത്തി വെക്കേണ്ടി വരുമോയെന്ന ഭിതിയിലാണ് ഉല്‍പാദകര്‍. മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ചുരുങ്ങിയതിനാല്‍ വെട്ട് കൂലി മുതലാവുല്ലെന്ന് ഒരു വിഭാഗം. എന്നാല്‍ സ്വന്തമായി ടാപ്പിങ് നടത്തുന്ന ചെറുകിട കര്‍ഷകര്‍ വെട്ട് പരമാവധി മുന്നോട്ട് കൊണ്ടു പോകാനുളള ശ്രമത്തിലാണ്. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ 19,000 രൂപയിലും ലാറ്റക്‌സ് 13,200 രൂപയിലുമാണ്.

സാമ്പത്തിക മേഖല ശക്തിപ്പെടുത്താന്‍ ജാപ്പനീസ് കേന്ദ്ര ബാങ്ക് നടത്തിയ നീക്കം യെന്നിന്റ വിനിമയ മൂല്യം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ റബര്‍ അവധി വ്യാപാരത്തില്‍ ഊഹകച്ചവടക്കാര്‍ വില്‍പ്പനയ്ക്ക് കാണിച്ച തിടുക്കം ജപ്പാന്‍ ഒസാക്ക വിപണിയില്‍ റബറിനെ സമ്മര്‍ദ്ദത്തിലാക്കി. റബര്‍ വില കിലോ 382 യെന്നില്‍ നിന്നും 376 ലേയ്ക്ക് ഇടിഞ്ഞു. ചൈനീസ് ടയര്‍ വ്യവസായികളില്‍ നിന്നും റബറിനുള്ള ഡിമാന്റ് കുറഞ്ഞതും ആശങ്ക ഇരട്ടിപ്പിച്ചു.