image

3 Jan 2024 12:04 PM GMT

Commodity

നാളികേര വിപണിയില്‍ മ്ലാനത; കൊക്കോയില്‍ പ്രതീക്ഷ പൂക്കുന്നു

MyFin Desk

നാളികേര വിപണിയില്‍ മ്ലാനത;  കൊക്കോയില്‍ പ്രതീക്ഷ പൂക്കുന്നു
X

Summary

  • ഓയില്‍മില്ലുകള്‍ കൊപ്രശേഖരിക്കുന്നില്ല
  • രാജ്യാന്തരമാര്‍ക്കറ്റില്‍ കൊക്കോ ക്ഷാമം രൂക്ഷം
  • വ്യതിയാനമില്ലാതെ ഏലക്കാവിപണി


കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തിയ പ്രഖ്യാപനം പുറത്തുവന്നിട്ടും നാളികേരോല്‍പ്പന്ന വിപണിയിലെ മ്ലാനത വിട്ടുമാറിയില്ല. കൊപ്ര സംഭരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ നാഫെഡ് വ്യക്തമാക്കയിട്ടില്ലെങ്കിലും കഴിഞ്ഞ സീസണില്‍ സംഭരിച്ച ചരക്ക് വില്‍പ്പനയ്ക്ക് ഇറക്കാനുള്ള ശ്രമത്തിലാണവര്‍. ഒരു ലക്ഷം ടണ്ണോളം കൊപ്ര കേന്ദ്ര ഏജന്‍സിയുടെ വിവിധ ഗോഡൗണുകളിലുണ്ട്, അതുകൊണ്ട് തന്നെ ഓയില്‍ മില്ലുകാര്‍ കൊപ്ര ശേഖരിക്കാതെ രംഗത്ത് നിന്നും അല്‍പ്പം വിട്ടു നില്‍ക്കുകയാണ്. സംസ്ഥാനത്ത് നാളികേര സീസണ്‍ പടിവാതുക്കല്‍ എത്തിയതും ശബരിമലയില്‍ നിന്നുള്ള ടണ്‍ കണക്കിന് കൊപ്ര മല ഇറങ്ങുന്നതും വിപണിക്ക് മേല്‍ സമ്മര്‍ദ്ദമുളവാക്കും. ഇതിനിടയില്‍ മകര വിളക്ക് കഴിയുന്നതോടെ അയ്യപ്പന്‍മാരില്‍ നിന്നുള്ള ഡിമാന്റ് നാളികേരത്തിന് കുറയുന്നതും വിലയെ ബാധിക്കും. കൊച്ചിയില്‍ കൊപ്ര 8800 രൂപ.

ആഗോള വിപണിയില്‍ കൊക്കോ വില ഉയരുന്നത് കേരളത്തിലെ കര്‍ഷകരില്‍ പ്രതീക്ഷപകരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ കൊക്കോ ക്ഷാമം രൂക്ഷമാണ്. നിലവില്‍ 46 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇടപാടുകള്‍ പുരോഗമിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊക്കോ വിളയുന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാസങ്ങായി മഴ തുടരുന്നത് ഉല്‍പാദനത്തെ ബാധിച്ചു. രാജ്യാന്തര കൊക്കോ വില ടണ്ണിന് 4286 ഡോളറിലാണ്. മധ്യകേരളത്തിലെ വിപണികളില്‍ കിലോ 300 രൂപയില്‍ കൊക്കോയുടെ ഇടപാടുകള്‍ പുരോഗമിക്കുമ്പോള്‍ ഹൈറേഞ്ച് ചരക്കിന് ചോക്ലേറ്റ് വ്യവസായികള്‍ കൂടിയ വില വാഗ്ദാനം ചെയ്തു. അടുത്ത രണ്ടാഴ്ച്ചകളില്‍ കോതമംഗലം, തൊടുപുഴ മേഖലകളിലെ കര്‍ഷകര്‍ വിളവെടുപ്പിലേയ്ക്ക് തിരിയും.

ഏലക്ക വിലയില്‍ കാര്യമായ വ്യതിയാനമില്ല. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ചരക്ക് സംഭരിച്ചിട്ടും ശരാശരി ഇനങ്ങള്‍ കിലോ 1642 രൂപയിലും മികച്ചയിനങ്ങള്‍ 2278 രൂപയിലും കൈമാറി.

ടയര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡിമാന്റ് മങ്ങിയത് വിവിധയിനം ഷീറ്റ് വിലയെ ബാധിച്ചു, നാലാം ഗ്രേഡിന് കിലോ 155 രൂപയായി താഴ്ന്നു.