13 May 2024 11:57 AM
Summary
- മലബാര്‍ കുരുമുളകിന് കൂടുതല്‍ അന്വേഷണം
- ഹൈറേഞ്ചില്‍ ഏലചെടികള്‍ കരിയുന്നു
കുരുമുളക് വിലയില്‍ രണ്ട് മാസമായി മുന്നേറ്റം തുടരുന്നുണ്ടെങ്കിലും ഹൈറേഞ്ച് കുരുമുളക് വരവ് കുറഞ്ഞത് കയറ്റുമതിക്കാരെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. യുറോപ്യന്‍ രാജ്യങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്ന മലബാര്‍ കുരുമുളകിന് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ചരക്ക് വില്‍പ്പന ഉല്‍പ്പാദകര്‍ കുറച്ചത് ഏതാണ്ട് ഏഴ് ആഴ്ച്ചയായി വാങ്ങലുകാര്‍ക്ക് തിരിച്ചടിയായി. വില കൂടുതല്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക മേഖല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് വില 59,700 രൂപയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ വില ടണ്ണിന് 7325 ഡോളറുമാണ്.
ഉയര്‍ന്ന താപനിലയില്‍ ഹൈറേഞ്ചിലെ ഏലചെടികള്‍ വാടി കരിയുന്നതിനാല്‍ ലേല കേന്ദ്രങ്ങളില്‍ ലഭ്യത ചുരുങ്ങിയത് ഇടപാടുകാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. രാവിലെ നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ എത്തിയ 45,512 കിലോഗ്രാം ഏലക്കയില്‍ 45,173 കിലോയും ചൂടപ്പം കണക്കെ വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2063 രൂപയിലും മികച്ചയിനങ്ങള്‍ 2540 രൂപയിലും ഇടപാടുകള്‍ നടന്നു. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും രംഗത്ത് സജീവമായിരുന്നു.
അയല്‍ സംസ്ഥാനങ്ങളിലെ മില്ലുകാര്‍ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് തിടുക്കം കാട്ടുന്നുണ്ട്. വിളവെടുപ്പ് ഊര്‍ജിതമായതോടെ പച്ചതേങ്ങ ലഭ്യത ഉയരുന്നതാണ് കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികളെ സ്റ്റോക്കുള്ള വെളിച്ചെണ്ണ തിടുക്കത്തില്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൊച്ചിയില്‍ എണ്ണ വില 15,300 രൂപയാണ്.