13 Jan 2025 12:57 PM GMT
കാർഷിക മേഖലകളിലെ ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേയ്ക്കുള്ള കുരുമുളക് നീക്കത്തിൽ സംഭവിച്ച കുറവ് അന്തർ സംസ്ഥാന വാങ്ങലുകാരെ സമ്മർദ്ദത്തിലാക്കി. ലഭ്യത ഉറപ്പ് വരുത്താൻ വാങ്ങലുകാർ ഉൽപ്പന്ന വില അടിക്കടി ഉയർത്തി മുളക് സംഭരണത്തിന് നീക്കം നടത്തിയെങ്കിലും സ്റ്റോക്കിസ്റ്റുകൾ രംഗത്ത് നിന്നും അകന്ന് നിന്നു. ഇടുക്കി, വയനാട്, പത്തനംത്തിട്ട ജില്ലകളിൽ നിന്നുള്ള നാടൻ ചരക്കിന് ക്ഷാമം നില നിൽക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങളെ തുടർന്ന് ഒട്ടുമിക്ക തോട്ടങ്ങളിലും 2024 നെ അപേക്ഷിച്ച് വിളവ് ചുരുങ്ങിയെന്നാണ് കർഷകരുടെ വിലയിരുത്തൽ. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവർക്കു വേണ്ടി ഏജൻറ്റമാർ കാർഷിക മേഖലകളിൽ നേരിട്ട് ഇറങ്ങി വിപണി വിലയിലും ഉയർത്തി കുരുമുളക് ശേഖരിക്കാനും ഇതിനിടയിൽ ശ്രമം നടത്തിയെങ്കിലും പ്രതീക്ഷയ്ക്ക് ഒത്ത് പലർക്കും ചരക്ക് സംഭരിക്കാനായില്ല. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് കിലോ 647 രൂപയിലും അൺ ഗാർബിർഡ് 667 രൂപയിലും വ്യാപാരം നടന്നു.
ഇടുക്കി മഹിള കാർഡമത്തിൽ നടന്ന ഏലക്ക ലേലത്തിൽ 61,229 കിലോഗ്രാം ചരക്ക് വിൽപ്പനയ്ക്ക് വന്നതിൽ 60,649 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതി സമൂഹവും ആഭ്യന്തര വാങ്ങലുകാരും ഉത്സാഹിച്ചത് ശരാശരി ഇനങ്ങളുടെ വില കിലോ 3131 രൂപയായും മികച്ചയിനങ്ങളുടെ വില 3667 രൂപയായും ഉയർത്തി. ചക്രവാതചൂഴിയെ തുടർന്ന് കാലാവസ്ഥ വിഭാഗം മഴ സാധ്യതകൾ വിലയിരുത്തുമ്പോഴും ഏലം ഉൽപാദന കേന്ദ്രങ്ങളിൽ അന്തരീക്ഷ താപ നില പതിവിലും ഉയരുന്നത് വിളവെടുപ്പിൽ നിന്നും നേരത്തെ പിൻതിരിയാൻ കർഷകരെ നിർബന്ധിതരാക്കുന്നു.
ബാങ്കോക്കിൽ റബർ ഷീറ്റ് വില19,785 രൂപയിൽ നിന്നും 20,400 രൂപയിലേയ്ക്ക് ഇന്ന് കുതിച്ചു കയറി. ഏഷ്യയിലെ റബർ അവധി വ്യാപാരങ്ങളിൽ ഉൽപ്പന്ന വിലയിൽ കാര്യമായ ചാഞ്ചാട്ടം ദൃശ്യമായില്ല. ജാപാനിൽ ഒസാക്ക എക്സ്ചേഞ്ച് ഇന്ന് അവധിയായിരുന്നുതിനാൽ ചൈന, സിംഗപ്പുർ മാർക്കറ്റുകൾ നേരിയ റേഞ്ചിൽ നീങ്ങി. കൊച്ചി കോട്ടയം വിപണികളിൽ വിൽപ്പനക്കാരുടെ അഭാവം കണ്ട് ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില19,200 രൂപയ്ക്ക് ശേഖരിച്ചു.
പച്ചതേങ്ങയ്ക്ക് കൊപ്രയ്ക്കും ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടിലെ പല മില്ലുകളുടെ പ്രവർത്തനങ്ങളും താളം തെറ്റി.പ്രവർത്തന സമയം വെട്ടികുറിച്ച് പ്രതിസന്ധി മറികടക്കാൻ അവർ നീക്കം നടത്തുന്നതിനാൽ കൊപ്ര സംഭരണം കുറച്ചു. അതേസമയം കൈവശമുള്ള എണ്ണയ്ക്ക് ഉയർന്ന വില ഉറപ്പ് വരുത്താൻ മില്ലുകാർ അടിക്കടി ശ്രമം നടത്തുന്നുണ്ട്. കൊച്ചി, കാങ്കായം വിപണികളിൽ കൊപ്ര 15,000 രൂപയിലാണ്. പച്ചതേങ്ങ ലഭ്യത വരവിനെ ഉറ്റ് നോക്കുകയാണ് മില്ലുകാർ.