3 Jan 2025 12:45 PM GMT
വിയെറ്റ്നാമിൽ കുരുമുളക് ക്ഷാമം രൂക്ഷമായതോടെ കയറ്റുമതിക്കാർ ലഭ്യത ഉറപ്പ് വരുത്താൻ വില ഉയർത്തിയെങ്കിലും കാർഷിക മേഖലയിൽ നീക്കിയിരിപ്പ് ചുരുങ്ങിയത് തിരിച്ചടിയായി. രാജ്യാന്തര മാർക്കറ്റിലെ വിലക്കയറ്റം മലബാർ മുളക് വില ഉയർത്തുമെന്ന കണക്ക് കൂട്ടലിൽ ഇടുക്കി, വയനാട് മേഖലകളിലെ മദ്ധ്യവർത്തികളും കർഷകരും മുളക് വിൽപ്പന നിയന്ത്രിച്ചതിനാൽ കൊച്ചിയിൽ ഗാർബിൾഡ് മുളക് വില 65,600 രൂപയായി ഉയർന്നു.
ഏലം ഉൽപാദന കേന്ദ്രങ്ങളിൽ പകൽ താപനില പതിവിലും ഉയർന്നത് വിളവെടുപ്പ് നേരത്തെ നിർത്തി വെക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ. മഴയുടെ അഭാവം മൂലം പല തോട്ടങ്ങളുംവരൾച്ചയുടെ പിടിയിൽ അമരുമെന്ന ഭീതിയും കാർഷിക മേഖലയ്ക്കുണ്ട്. പകൽ താപനില അമിതമായി ഉയർന്നാൽ ഏല ചെടികൾ കരിഞ്ഞ് ഉണങ്ങും. പശ്ചിമേഷ്യൻ രാജ്യങ്ങൾ നൊയമ്പ് കാല ആവശ്യങ്ങൾക്കായിഏലക്ക ശേഖരിക്കാൻ രംഗത്തുണ്ട്. കാലാവസ്ഥ മാറ്റങ്ങൾ മുൻ നിർത്തി ഇടപാടുകാർ ശരാശരി ഇനം ഏലക്ക കിലോ 3132 രൂപയായും മികച്ചയിനങ്ങൾ 3666 രൂപയായും ഉയർത്തി. മൊത്തം 14,257 കിലോ ഏലക്ക ലേലം കൊണ്ടു.
കൊപ്ര ക്ഷാമം കണക്കിലെടുത്ത് കേരളത്തിലും തമിഴ്നാട്ടിലെയും വ്യവസായികൾ 14,800 രൂപയ്ക്ക് ചരക്ക് ശേഖരിച്ചു. വില ഉയർത്തിയിട്ടും ആവശ്യകാനുസരണം കൊപ്ര കണ്ടെത്താൻ പല അവസരങ്ങളിലും മില്ലുകാർക്കായില്ല, അതേസമയം മാസാവസാനം ഇവിടെ നാളികേര വിളവെടുപ്പ് ഊർജിതമാക്കുന്നതോടെ പച്ചതേങ്ങ ലഭ്യത ഉയരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ.
ഏഷ്യൻ റബർ വിപണികളിൽ വില തകർച്ച. റബർ അവധി വ്യാപാര രംഗത്ത് നിക്ഷേപകർ ബാധ്യതകൾ വിറ്റുമാറാൻ കാണിച്ച തിടുക്കം മൂലം ജപ്പാൻ, ചൈന, സിംഗപ്പുർ മാർക്കറ്റുകൾക്ക് തിരിച്ചടി നേരിട്ടു. ഇതിൻറ ചുവട് പിടിച്ച് കയറ്റുമതി വിപണിയായ ബാങ്കോക്കിലും ഷീറ്റ് വില 19,991 രൂപയിൽ നിന്നും 19,444 രൂപയായി ഇടിഞ്ഞു. വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തക്കൾ കേരളത്തിലും റബറിന് തിരിച്ചടിയായി. നാലാം ഗ്രേഡ് റബറിന് ക്വിൻറ്റലിന് 400 ഇടിഞ്ഞ് 18,900 രൂപയായി.