image

16 Jan 2024 12:22 PM GMT

Commodity

ചൂടുപിടിച്ച് ഭക്ഷ്യയെണ്ണ വിപണി; ഏലക്ക വരവ് നിലയ്ക്കുന്നു

MyFin Desk

ചൂടുപിടിച്ച് ഭക്ഷ്യയെണ്ണ വിപണി;  ഏലക്ക വരവ് നിലയ്ക്കുന്നു
X

Summary

  • സൂര്യകാന്തി, സോയാബീന്‍ എണ്ണ വിലകള്‍ പത്ത്ശതമാനംവരെ വര്‍ധിച്ചു
  • കൊപ്രസംഭരണത്തോത് കുറച്ച് വ്യാപാരികള്‍


ഭക്ഷ്യയെണ്ണ വിപണികള്‍ ചുടുപിടിക്കുന്നു. ഇറക്കുമതി ചുരുങ്ങുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ സ്റ്റോക്കിസ്റ്റുകള്‍ സൂര്യകാന്തി, സോയാബീന്‍ എണ്ണ വിലകള്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ പ്രമുഖ വിപണികളില്‍ ഉയര്‍ത്തി.

പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയില്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ മൂലം ഇറക്കുമതി വരും മാസങ്ങളില്‍ ചുരുങ്ങാം. വിദേശ പാചക എണ്ണകളുടെ ലഭ്യതയില്‍ കുറവ് സംഭവിക്കാനുള്ള സാധ്യതകള്‍ പാം ഓയില്‍ നേട്ടമാക്കുമെന്നാണ് വ്യവസായികള്‍ കണക്ക് കൂട്ടന്നത്. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ വന്‍കിട കൊപ്രയാട്ട് വ്യവസായികളും അവസരത്തിനായി കാത്തിരിക്കുന്നു.

കൊപ്ര സംഭരണതോത് കുറച്ച് വെളിച്ചെണ്ണ വില ഉയര്‍ത്താനുള്ള അണിയറ നീക്കത്തിലാണ് ബഹുരാഷ്ട്ര കമ്പനികളും. പൊങ്കല്‍ ആഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും കാങ്കയം വിപണി ഹോളിഡേ മൂഡിലായിരുന്നു. കൊച്ചിയില്‍ എണ്ണ 13,900 രൂപ.

ഏലക്ക സീസണ്‍ അവസാനിക്കാറായ സൂചനയന്നോണം പിന്നിട്ട രണ്ട് ദിവസമായി ലേലം നടക്കുന്നില്ല. ഉല്‍പാദകര്‍ ചരക്കില്‍ പിടിമുറുക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വാഭാവികമായും വില ഉയര്‍ത്തി ഏലക്കയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നീക്കം നടക്കാം. അറബ് നാടുകളില്‍ നിന്നും സുഗന്ധറാണിക്കായി അന്വേഷണങ്ങള്‍ എത്തുന്നതിനാല്‍ വലിപ്പം കൂടി ഇനങ്ങളില്‍ കയറ്റുമതിക്കാര്‍ കൂടുതല്‍ ഉത്സാഹം പ്രകടിപ്പിക്കാം.

വിളവെടുപ്പ് അവസാനിക്കുന്ന വിവരം ഉത്തരേന്ത്യന്‍ വിപണികളിലും വാങ്ങല്‍ താല്‍പര്യം ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ ഇതിനകം തന്നെ കനത്തതോതില്‍ ഏലക്ക ശേഖരിച്ചതായാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. ഓഫ് സീസണിലെ ഉയര്‍ന്ന വിലയെ ഉറ്റ് നോക്കുകയാണവര്‍.

സംസ്ഥാനത്ത് ചുക്ക് സ്റ്റെഡി നിലവാരത്തിലാണ്, തുലാവര്‍ഷം പിന്‍വലിയുന്ന സാഹചര്യത്തില്‍ ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതോടെ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുക്കിന് ഡിമാന്റ് കുറയും. ഇതിനിടയില്‍ വലിപ്പം കൂടിയയിനം ചുക്ക് കിലോ 425 രൂപയ്ക്ക് അന്തര്‍സംസ്ഥാന ഇടപാടുകാര്‍ ശേഖരിച്ചു. കോതമംഗലം കേന്ദ്രീകരിച്ചാണ് അവര്‍ ചുക്ക് വാങ്ങിയത്. മികച്ചയിനം ചുക്ക് 360 രൂപയിലാണ് വിപണനം നടക്കുന്നത്. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കരാറുകള്‍ പ്രകാരമുള്ള ഷിപ്പ്‌മെന്റുകള്‍ പുരോഗമിക്കുന്നു.