13 Dec 2023 1:50 PM GMT
Summary
- സംഭരിച്ച കൊപ്ര വിപണിയില്‍ ഇറക്കാനുള്ള നീക്കത്തില്‍ നാഫെഡ്
- കൊപ്ര വില്‍പ്പന നഷ്ടത്തില്‍ കലാശിക്കുമെന്ന് കണക്കുകള്‍
- കുരുമുളകുവിലയില്‍ മാറ്റമില്ല
കൊപ്ര ശേഖരം ബാധ്യതയായി മാറുമെന്ന ഭീതിയില്‍ സംഭരിച്ച കൊപ്ര തിരക്കിട്ട് വിപണിയില്‍ ഇറക്കാനുള്ള നീക്കത്തിലാണ് നാഫെഡ്. കേന്ദ്ര ഏജന്‍സി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും താങ്ങു വിലയ്ക്ക് സംഭരിച്ച കൊപ്രയുടെ വന്‍ ശേഖരം വിപണിയിൽ ഇറക്കുന്ന വിവരം പുറത്തുവന്നതോടെ ഒരു മാസത്തില്‍ ഏറെയായി നാളികേര വിപണിക്ക് മുന്നേറാനുള്ള കരുത്തും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഏകദേശം ഒരു ലക്ഷം ടണ്ണിന് അടുത്ത് ചരക്ക് കഴിഞ്ഞ സീസണില്‍ താങ്ങ് വിലയായ 10,860 രൂപയ്ക്ക് വാങ്ങി. കൊപ്രയുടെ നിലവിലെ വിപണി വില 8800 രൂപ മാത്രം. തമിഴ്‌നാട്ടില്‍ നിരക്ക് 8500 രൂപയും. ഇത് വിപണിയിൽ ഇറക്കിയാൽ ക്വിന്റലിന് 2200 രൂപയുടെ നഷ്ടം ഉറപ്പാണ്. ചരക്ക് സംഭരണത്തില്‍ വ്യവസായികള്‍ പ്രകടിപ്പിക്കുന്ന തണുപ്പന്‍ മനോഭാവം കണക്കിലെടുത്താല്‍ വില വീണ്ടും ഇടിയാന്നാണു സാധ്യത.
പുതിയ ഏലക്ക വിറ്റുമാറാന്‍ ഹൈറേഞ്ചിലെ ഇടപാടുകാര്‍ പ്രകടിപ്പിക്കുന്ന തിടുക്കം അവസരമാക്കി മാറ്റുകയാണ് ലേല കേന്ദ്രങ്ങളില്‍ ഇടപാടുകാര്‍. ഇന്നലെയും ഒരു ലക്ഷം കിലോഗ്രാമില്‍ കൂടുതല്‍ ഏലക്ക രണ്ട് ലേലങ്ങളിലായി വില്‍പ്പനയ്ക്ക് എത്തി. ചരക്ക് വിപണിയിൽ എത്തുന്നതിനു നിയന്ത്രണം വരുത്തുന്നതില്‍ കൂട്ടായ്മ ഉണ്ടായാല്‍ മാത്രമേ ഉല്‍പ്പന്ന വില ഉയരൂ . . ഓഫ് സീസണിന് തുടക്കം കുറിക്കുന്ന മാര്‍ച്ച്-ഓഗസറ്റ് കാലയളവിലേയ്ക്ക് ഉല്‍പ്പന്നം നീക്കിവെക്കാനായാല്‍ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭിക്കും. നിലവില്‍ ശരാശരി ഇനങ്ങള്‍ 1500 രൂപയിലും മികച്ചയിനങ്ങള്‍ 2200 രൂപയിലുമാണ് വില്‍പ്പന.
അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ കുരുമുളക് വിപണിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നു. അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ച ശേഷം കൂടുതല്‍ വാങ്ങലുകള്‍ക്ക് തുടക്കം കുറിക്കാമെന്ന നിലപാടിലാണ് പലരും. കാര്‍ഷിക മേഖല കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ അളവില്‍ മാത്രമാണ് മുളക് വില്‍പ്പനയ്ക്ക് ഇറക്കുന്നത്. വിപണിയില്‍ നാടന്‍ ചരക്കിന് കടുത്ത ക്ഷാമം നേരിടുന്നുണ്ടങ്കിലും വിലയില്‍ മാറ്റമില്ല. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 59,500 രൂപ.