image

24 Jan 2024 6:45 PM IST

Commodity

വിലയിടിഞ്ഞ് കുരുമുളക്; കൊപ്ര വില നേട്ടത്തില്‍

Kochi Bureau

വിലയിടിഞ്ഞ് കുരുമുളക്; കൊപ്ര വില നേട്ടത്തില്‍
X

മാസാന്ത്യം അടുത്തത് മുന്നില്‍ കണ്ട് മില്ലുകാര്‍ കൊപ്ര വില ഉയര്‍ത്തി തുടങ്ങി. വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തില്‍ കൊപ്രയ്ക്ക് 200 രൂപ ഉയര്‍ത്തി വിളവെടുപ്പ് ഊര്‍ജിതാക്കാനുള്ള നീക്കങ്ങളാണ് അണിറയില്‍ നടത്തുന്നത്. തമിഴ്നാട് വിപണികളില്‍ കൊപ്രയ്ക്ക് വ്യവസായിക ഡിമാന്റ് മങ്ങിയതിനാല്‍ നിരക്ക് 8475 രൂപയായി താഴ്ന്ന അവസരത്തിലാണ് കൊച്ചിയില്‍ 8900 ല്‍ നിന്നും 9100 ലേയ്ക്ക് ഉയര്‍ത്തിയത്. വിളവെടുപ്പ് വേളയിലെ വിലക്കയറ്റം കണ്ട് ഉല്‍പാദകര്‍ കൂടുതല്‍ ചരക്ക് വിപണിയില്‍ എത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നില്ലെന്ന് കാര്‍ഷിക മേഖല. ഉയര്‍ന്ന അളവില്‍ ചരക്ക് എത്തുന്നതോടെ വിപണി വില തകര്‍ച്ചയിലേയ്ക്ക് വഴുതും. ശബരിമലയില്‍ നിന്നും ആയിരക്കണക്കിന് ടണ്‍ കൊപ്ര മുന്നിലുള്ള ആഴ്ച്ചകളില്‍ രംഗത്ത് ഇറങ്ങും. മണ്ഡല കാലം കഴിഞ്ഞതിനാല്‍ സന്നിധാനത്ത് നിന്നുള്ള കൊപ്രയും പ്രവഹിക്കുന്നത് വിപണിക്ക് തിരിച്ചടിയാവും. ആശങ്കകള്‍ക്കിടയില്‍ വിപണിയുടെ സന്തുലിതാവസ്ഥയില്‍ വിള്ളലുളവാക്കാന്‍ ചില കേന്ദ്രങ്ങളില്‍ ശ്രമം നടത്തുന്നതായി നാളികേര ഉല്‍പാദന മേഖല.

കുരുമുളക് വിളവെടുപ്പ് മന്ദഗതിയിലേക്ക്

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും രാത്രി മഴ അനുഭവപ്പെട്ടത് കുരുമുളക് വിളവെടുപ്പ് മന്ദഗതിയിലാക്കും. അതേ സമയം പകല്‍ താപനില ഉയര്‍ന്നത് വിളവെടുപ്പ് നടത്തിയ കുരുമുളകിന്റെ സംസ്‌കരണം വേഗത്തിലാക്കുമെന്ന് ഉല്‍പാദകര്‍. ഇതിനിടയില്‍ കുരുമുളക് സീസണ്‍ ആരംഭിച്ചത് മറയാക്കി അന്തര്‍സംസ്ഥാന ഇടപാടുകാര്‍ ഉല്‍പ്പന്ന വില വീണ്ടും ഇടിച്ചു, ചുരുങ്ങിയ ദിവസങ്ങളില്‍ കുരുമുളക് വില 1100 രൂപ കുറഞ്ഞ് 57,900 രൂപയായി.

ജാതിക്കയും പിന്നോട്ട്

മദ്ധ്യകേരളത്തിലെ ജാതിതോട്ടങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം ശക്തമല്ലെങ്കിലും ഔഷധ നിര്‍മ്മാതാക്കളില്‍ നിന്നും ഇതര വ്യവസായികളില്‍ നിന്നുമുള്ള ആവശ്യം കുറഞ്ഞത് വില ഇടിവ് സൃഷ്ടിച്ചു. നേരത്തെ സീസണ്‍ കാലയളവില്‍ ഒരു വിഭാഗം മദ്ധ്യവര്‍ത്തികള്‍ ഉല്‍പ്പന്ന വില കുത്തനെ ഇടിച്ച് കാര്‍ഷിക മേഖലയില്‍ ഭീതി ജനിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ചരക്ക് കൈക്കലാക്കി. ചരക്ക് സംസ്‌കരണത്തില്‍ അവര്‍ക്ക് സംഭവിച്ച പാളിച്ച സ്റ്റോക്കില്‍ പൂപ്പല്‍ ബാധയ്ക്ക് കാരണമായത് നിലവില്‍ ഡിമാന്റ് കുറയാന്‍ ഇടയാക്കിയെന്ന് ഒരു വിഭാഗം വ്യാപാരികള്‍ വ്യക്തമാക്കുന്നു. ജാതിക്ക തൊണ്ടന്‍ കിലോ 220 - 250 രൂപയായി താഴ്ന്നു.