24 Jun 2024 11:47 AM GMT
Summary
- കൂര്‍ഗ്ഗ്, ചിക്കമംഗലൂര്‍, ഹസ്സന്‍ മേഖലകളില്‍ കുരുമുളക് സ്റ്റോക്ക്
- ചൈനീസ് വ്യവസായിക മേഖലയില്‍ ഉണര്‍വ് റബറിന് ഗുണമാകും
കൂര്‍ഗ്ഗ് കുരുമുളകില്‍ വിദേശ ബയര്‍മാര്‍ താല്‍പര്യം കാണിക്കുന്നതായാണ് വാര്‍ത്തകള്‍. ക്രിസ്തുമസ് വരെയുള്ള ആവശ്യങ്ങള്‍ക്കുള്ള ചരക്കാണ് അവര്‍ ലക്ഷ്യമാക്കുന്നത്. കര്‍ണാടകത്തിലെ കൂര്‍ഗ്ഗ്, ചിക്കമംഗലൂര്‍, ഹസ്സന്‍ മേഖലയില്‍ കുരുമുളക് സ്റ്റോക്കുണ്ട്. വിദേശ വിപണികളില്‍ പ്രീയമേറിയ ബോള്‍ഡ് മുളകിനാണ് അന്വേഷണങ്ങള്‍. കേരളത്തിലെ വിലയിലും അല്‍പ്പം താഴ്ന്ന് നില്‍ക്കുന്നത് വാങ്ങലുകാരെ ആകര്‍ഷിക്കുന്നു.
ചൈനീസ് വ്യവസായിക മേഖലയില്‍ ഉണര്‍വ് അനുഭവപ്പെടുമെന്ന വിലയിരുത്തല്‍ ഏഷ്യന്‍ റബറിന് താല്‍ക്കാലിക കരുത്ത് പകര്‍ന്നു. പുതിയ സാഹചര്യത്തില്‍ വ്യവസായികള്‍ റബറിനായി രംഗത്ത് ഇറങ്ങിയാല്‍ നിരക്ക് ഉയരാം. തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കം കുറിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തമായത് റബര്‍ ടാപ്പിങില്‍ നിന്നും പിന്‍തിരിയാന്‍ ഒരു വിഭാഗം കര്‍ഷകരെ നിര്‍ബന്ധിതരാക്കി. നാലാം ഗ്രേഡിന് ഇന്ന് 100 രൂപ ഉയര്‍ന്ന് 20,500 രൂപയായി.
കാലവര്‍ഷം സജീവമായതിനിനിടയില്‍ ഹൈറേഞ്ചിലെ തോട്ടങ്ങളില്‍ ഏലക്ക പാകമായി വരുന്നു. അടുത്ത മാസം വിളവെടുപ്പിന് തുടക്കം കുറിക്കാനാവുമെന്ന് ഒരു വിഭാഗം കര്‍ഷകര്‍ വിലയിരുത്തുമ്പോള്‍ പുതിയ ചരക്കിന് ഓഗസ്റ്റ് വരെ കാത്തിരിക്കണമെന്ന് പറയുന്നവരുമുണ്ട്. അതേ സമയം സ്റ്റോക്കിസ്റ്റുകള്‍ ഏലക്ക വില്‍പ്പനയ്ക്ക് ഉത്സാഹം കാണിക്കുന്നു. ആഭ്യന്തര വാങ്ങലുകാര്‍ ശരാശരി ഇനങ്ങള്‍ കിലോ 2295 രൂപയിലും മികച്ചയിനങ്ങള്‍ 3045 രൂപയ്ക്കും ശേഖരിച്ചു.