27 May 2024 12:18 PM GMT
Summary
- ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ സജീവമാക്കി കാലാവസ്ഥാ വ്യതിയാനങ്ങള്‍
- സംസ്ഥാനത്ത് മഴ ശക്തമെങ്കിലും പുതിയ ഏലക്ക വരവിന് കാലതാമസം നേരിടും
- ടയര്‍ വ്യവസായികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഷീറ്റ് ലഭ്യത ജൂണ്‍ ആദ്യ പകുതിയില്‍ ഉയരില്ല
കുരുമുളക് ക്ഷാമത്തിനിടയില്‍ ശക്തമായ ആഭ്യന്തര ഡിമാന്റ് ഉല്‍പ്പന്ന വില പിന്നിട്ടവാരം ക്വിന്റ്റലിന് 2400 രൂപ ഉയര്‍ത്തി. ആഗോള തലത്തില്‍ വരുന്ന ആറ് മാസകാലം ചരക്കിന് ആവശ്യം ഉയര്‍ന്ന് നില്‍ക്കുമെന്ന സൂചനകള്‍ കണക്കിലെടുത്താല്‍ രാജ്യാന്തര തലത്തിലും ഉല്‍പ്പന്നം കരുത്ത് നിലനിര്‍ത്തുമെന്ന നിഗമനത്തിലാണ് സ്റ്റോക്കസ്റ്റുകള്‍ വില്‍പ്പന കുറച്ചത്. ഇതിനിടയില്‍ വിയറ്റ്നാം, ബ്രസീല്‍, ഇന്തോനേഷ്യയും കുരുമുളക് വില ഉയര്‍ത്തിയത് യൂറോപ്യന്‍ വാങ്ങലുകാരെ അസ്വസ്ഥരാക്കി. നവംബര്‍ വരെയുളള ഇറക്കുമതിക്ക് മുന്‍കൂര്‍ കച്ചവടങ്ങള്‍ ഉറപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 7400 ഡോളറാണ്.
ഉല്‍പാദന മേഖലയില്‍ വാരാന്ത്യം നടന്ന രണ്ട് ഏലക്ക ലേലങ്ങളിലും ശരാശരി ഇനങ്ങള്‍ കിലോ 2300 രൂപയ്ക്ക് മുകളിലും മികച്ചയിനങ്ങള്‍ 3100 രൂപയ്ക്ക് മുകളിലും ഇടം പിടിച്ചു. സംസ്ഥാനത്ത് മഴ ശക്തമെങ്കിലും പുതിയ ഏലക്ക വരവിന് കാലതാമസം നേരിടുമെന്ന വിലയിരുത്തലുകള്‍ കാര്‍ഷിക മേഖലയില്‍ നിന്നും പുറത്ത് വന്നത് ആഭ്യന്തര വാങ്ങലുകാരെയും കയറ്റുമതിക്കാരെയും ഒരു പോലെ ലേല കേന്ദ്രങ്ങളിലേയ്ക്ക് അടുപ്പിച്ചു. ശനിയാഴ്ച്ച 93,000 കിലോഗ്രാം ഏലക്കയുടെ ഇടപാടുകളാണ് രണ്ട് ലേലങ്ങളിലുമായി നടന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ സജീവമാക്കി. ടയര്‍ വ്യവസായികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഷീറ്റ് ലഭ്യത ജൂണ്‍ ആദ്യ പകുതിയില്‍ ഉയരില്ലെന്ന സൂചന വില മെച്ചപ്പെടുത്തുമെന്ന കണക്ക്് കൂട്ടലിലാണ് അവധി വ്യാപാര രംഗം. തായ്‌ലന്‍ഡിലെ റബര്‍ ഉല്‍പാദനത്തിലുണ്ടായ കുറവ് നികത്താന്‍ കാലതാമസം നേരിടുമെന്നാണ് വിലയിരുത്തല്‍. ടാപ്പിംഗ് പ്രതിസന്ധി മുന്‍ നിര്‍ത്തി നിക്ഷേപകര്‍ ജപ്പാന്‍, സിംഗപ്പൂര്‍, ചൈനീസ് മാര്‍ക്കറ്റുകളില്‍ മുന്‍കൂര്‍ കച്ചവടങ്ങള്‍ക്ക് താല്‍പര്യം കാണിച്ചു.