28 May 2024 12:24 PM GMT
Summary
- കാലവര്‍ഷം കനത്തു
- പച്ചതേങ്ങ വരവ് ചുരുങ്ങി
- അറബ് രാജ്യങ്ങളില്‍ നിന്നും ഏലം ഡിമാന്റ് ഉയരുന്നു
പ്രതികൂല കാലാവസ്ഥയില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ടാപ്പിംഗിന് സ്തംഭനം നിക്ഷേപകരെ അവധി വ്യാപാരത്തിലേയ്ക്ക് ആകര്‍ഷിച്ചു. ജപ്പാനില്‍ റബര്‍ അവധി വിലകള്‍ ഉയര്‍ന്നത് മറ്റ് വിപണികളെയും സജീവമാക്കി. തായ്ലന്‍ഡിലും ചൈനയിലും മലേഷ്യയിലും റബര്‍ ഉല്‍പാദനം മന്ദഗതിയിലാണ്. മഴ മൂലം കൊച്ചിയിലും, കോട്ടയത്തും റബറിന് വില്‍പ്പനക്കാര്‍ കുറഞ്ഞത് ടയര്‍ നിര്‍മ്മാതാക്കളെ ഷീറ്റ് വില ഉയര്‍ത്താന്‍ പ്രേരിപ്പിച്ച, നാലാം ഗ്രേഡ് കിലോ 188 രൂപയില്‍ നിന്നും 190 രൂപയായി.
സുഗന്ധവ്യഞ്ജന വിപണികളില്‍ ചരക്ക് വരവ് ചുരുങ്ങി, കാലവര്‍ഷം രാജ്യത്ത് പ്രവേശിച്ചതായി ഔദ്ധ്യാഗിക പ്രഖ്യാപനം വന്നട്ടില്ലെങ്കിലും തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറ്റം കാലവര്‍ഷത്തിന്റെ സൂചനയായി വിലയിരുത്തുന്നു. ഇതിനിടയില്‍ കുരുമുളക് വില തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയരുന്നതിനാല്‍ കാത്തിരിക്കാമെന്ന നിലപാടിലാണ് ചെറുകിട കര്‍ഷകര്‍. ഇന്നലെ 600 രൂപ ഉയര്‍ന്ന് ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് 500 രൂപയുടെ നേട്ടത്തില്‍ 62,100 ലേയ്ക്ക് കയറി. വിപണിയിലേയ്ക്കുള്ള പച്ചതേങ്ങ വരവ് ചുരുങ്ങിയതിനിടയില്‍ മില്ലുകാര്‍ വെളിച്ചെണ്ണ നീക്കം നിയന്ത്രിച്ചത് എണ്ണ മാര്‍ക്കറ്റിന് താങ്ങ് പകര്‍ന്നു.
ഏലക്കയില്‍ അറബ് രാജ്യങ്ങള്‍ കാണിച്ച താല്‍പര്യം ലേലത്തില്‍ ഉല്‍പ്പന്നത്തിന് ഡിമാന്റ് ഉയര്‍ത്തി. ലേലത്തില്‍ ചരക്ക് വരവ് ചുരുങ്ങിയത് ഇടപാടുകാരെ ഉല്‍പ്പന്നത്തിലേയ്ക്ക് അടുപ്പിച്ചു. മികച്ചയിനങ്ങള്‍ കിലോ 2904 രൂപയിലും ശരാശരി ഇനങ്ങള്‍ 2306 രൂപയിലും കൈമാറി.