19 April 2024 11:52 AM GMT
Summary
- വെളിച്ചെണ്ണ വിലയില്‍ മുന്നേറ്റം
- തായ്ലന്‍ഡില്‍ റബര്‍ ഷീറ്റ് വില ഇടിഞ്ഞത് ഇന്ത്യന്‍ വിപണിക്ക് ഭീഷണിയായി
- കുരുമുളകിനായി ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ രംഗ
ഏഷ്യന്‍ വിപണികളില്‍ റബര്‍ പ്രതിവാര നഷ്ടത്തിലേയ്ക്ക്. ജപ്പാന്‍, സിംഗപ്പൂര്‍ റബര്‍ അവധി വ്യാപാരത്തില്‍ തുടര്‍ച്ചയായ മൂന്നാം വാരത്തിലും നിലനിന്ന വില്‍പ്പന സമ്മര്‍ദ്ദം ഉല്‍പാദന രാജ്യങ്ങളുടെ ഹൃദയമിടിപ്പ് ഇരട്ടിപ്പിച്ചു. ഓഫ് സീസണിലും റബറിന് ഉയരാനാവാത്ത അവസ്ഥയാണ്. ചൈനീസ് വ്യവസായിക മേഖലയിലെ ഉണര്‍വും മാര്‍ച്ചില്‍ ടയര്‍ കയറ്റുമതിയില്‍ കാഴ്ച്ചവെച്ച മുന്നേറ്റവും പക്ഷേ റബര്‍ ഷീറ്റ് വിലയില്‍ അനുകൂല തരംഗം ഉളവാക്കിയില്ല. മുഖ്യ കയറ്റുമതി വിപണിയായ തായ്ലന്‍ഡില്‍ ഷീറ്റ് വില വീണ്ടും ഇടിഞ്ഞതും ഇന്ത്യന്‍ മാര്‍ക്കറ്റിന് ഭീഷണിയായി. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ വില കിലോ 179 രൂപയാണ്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ വിപണിയില്‍ മുന്നേറ്റം. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഭീഷണി ചുരുങ്ങിയത് അവസരമാക്കി കൊപ്രയാട്ട് മില്ലുകാര്‍ വെളിച്ചെണ്ണയെ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ്. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യ തകര്‍ച്ച വ്യവസായികളെ ഇറക്കുമതിയില്‍ നിന്നും പിന്‍തിരിപ്പിച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ വില ഇന്ന് 15,100 രൂപയായി ഉയര്‍ന്നങ്കിലും അതിന്റെ ചുവട് പിടിച്ച് കൊപ്ര 10,000 ല്‍ നിന്നും മുന്നേറാനായില്ല. വിളവെടുപ്പ് അവസാനിച്ചതിനാല്‍ പച്ചതേങ്ങ വരവ് ചുരുങ്ങിയ സന്ദര്‍ഭത്തിലും കൊപ്ര മുന്നേറാന്‍ ക്ലേശിക്കുന്നു.
ഏലക്ക
ഉല്‍പാദന കേന്ദ്രത്തില്‍ നടന്ന ഏലക്ക ലേലത്തില്‍ 56101 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 55,693 കിലോ ചരക്കും വിറ്റഴിഞ്ഞു. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതി സമൂഹവും ആവേശതോടെ ഏലക്ക വാങ്ങിയത് ചെറിയതോതിലുള്ള വിലക്കയറ്റത്തിന് അവസരം ഒരുക്കി. മികച്ചയിനങ്ങള്‍ കിലോ 2587 രൂപയിലും ശരാശരി ഇനങ്ങള്‍ 1783 രൂപയിലുമാണ്.
കുരുമുളക്
ടെര്‍മിനല്‍ വിപണിയിലേയ്ക്കുള്ള കുരുമുളക് നീക്കം ചുരുങ്ങിയെങ്കിലും ഈവാരം ഉല്‍പ്പന്നത്തിന് തളര്‍ച്ച നേരിട്ടു. തൊട്ട് മുന്‍വാരത്തെ അപേക്ഷിച്ച് ചരക്ക് നീക്കത്തില്‍ കര്‍ഷകര്‍ വരുത്തിയ നിയന്ത്രണം വില മെച്ചപ്പെടുത്തുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകള്‍. ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ വിപണിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 553 രൂപ.