30 Jan 2025 12:44 PM GMT
ടയർ നിർമ്മാതാക്കൾ കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് ശേഖരിക്കാൻ കാണിച്ച ഉത്സാഹം ഉൽപ്പന്ന വില കിലോ 191 രൂപയിൽ നിന്നം 192 ലേയ്ക്ക് ഉയർത്തി. തായ്ലൻറിൽ മഴ കനത്തതോടെ ടാപ്പിങ് സ്തംഭിച്ചതിനിടയിൽ ഇറക്കുമതി രാജ്യങ്ങളിൽ നിന്നും ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് റബർ കൂടുതൽ അന്വേഷണങ്ങളെത്തിയതോടെ റബർ വില കിലോ 214 രൂപയായി ഉയർന്നു. അതേസമയം ഏഷ്യയിലെ പ്രമുഖ റബർ അവധി വ്യാപാരകേന്ദ്രങ്ങളിൽ നിരക്ക് സ്റ്റെഡിയായി നീങ്ങി.
കുരുമുളകിൻെറ വിലക്കയറ്റം കണ്ട് പല ഭാഗങ്ങളിലും ഉൽപാദകർ വിളവെടുപ്പിന് മത്സരിക്കുന്നു. വിളവ് കുറഞ്ഞതിനാൽ പതിവിലും നേരത്തെ വിളവെടുപ്പ് പൂർത്തിയാവുമെന്നാണ് ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. ഉയർന്ന പകൽ ചൂടിൽ മുളക് തിരികളിൽ നിന്നും വ്യാപകമായി അടർന്ന് വീഴുന്നതും ഉൽപാദനത്തിൽ വിള്ളലുളവാക്കും. ഉത്തരേന്ത്യൻ ഡിമാൻറ്റിൽ കുരുമുളക് വില 300 രൂപ വർദ്ധിച്ച് 67,700 രൂപയിലെത്തി.
പച്ചഇഞ്ചിയുടെ വില തകർച്ച ചുക്ക് സ്റ്റോക്കിസ്റ്റുകളുടെ ഉറക്കം നഷ്ടപ്പെടുത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇഞ്ചി ഉൽപാദനം ഉയർന്നത് വിലയെ ബാധിച്ചു, പലരും കൈവശമുള്ള ചുക്ക് താഴ്ന്ന വിലയ്ക്ക് വിറ്റഴിക്കേണ്ടി വരുമൊയെന്ന ഭീതിയിലാണ്. ഇതിനിടയിൽ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള ചുക്കിന് ശൈത്യകാല ഡിമാൻറ്റും കുറവായിരുന്നു. കൊച്ചിയിൽ മികച്ചയിനം ചുക്ക് വില കിലോ 350 രൂപ. ഗൾഫ് ഓർഡർ ലഭിച്ച കയറ്റമതിക്കാർ ചുക്കിൽ താൽപര്യം കാണിക്കുന്നുണ്ട്.