image

27 Feb 2025 6:25 PM IST

Commodity

3000 കടന്ന്​ ഏലം വില, പ്രതീക്ഷയിൽ കർഷകർ; അറിയാം ഇന്നത്തെ വില നിലവാരം

MyFin Desk

commodity market rate updation
X

രാജ്യാന്തര റബറിനെ ബാധിച്ച മാന്ദ്യം രണ്ടാം ദിവസവും തുടർന്നതോടെ ബാങ്കോക്കിൽ ഷീറ്റ്‌ വില ഇടിഞ്ഞു. ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞതിനാൽ തായ്‌ലാണ്ടിൽ റബർ വില കിലോ 205 രൂപയായി. ഏഷ്യൻ റബർ അവധി വ്യാപാര രംഗത്തെ വിൽപ്പന സമ്മർദ്ദം വാങ്ങലുകാരെ പുതിയ ബാധ്യതകളിൽ നിന്നും അകറ്റി. ജപ്പാനീസ്‌ മാർക്കറ്റിൽ റബർ അവധികളിലുണ്ടായ തളർച്ച ഇതര വിപണികളിലേയ്‌ക്കും ഇന്ന്‌ വ്യാപിച്ചു. സംസ്ഥാനത്ത്‌ നിന്നുള്ള ഷീറ്റ്‌ സംഭരണ നിരക്ക്‌ ടയർ നിർമ്മാതാക്കൾ കുറച്ചു, നാലാം ഗ്രേഡിന്‌ 100 രൂപ കുറഞ്ഞ്‌ 19,100 രൂപയായി. ലാറ്റക്‌സ്‌ 12,700 രൂപയിലും വിപണനം നടന്നു. പ്രതികൂല കാലാവസ്ഥ മൂലം ടാപ്പിങ്‌ ഒട്ടുമിക്ക ഭാഗങ്ങളിലും സ്‌തംഭിച്ചതിനാൽ നിരക്ക്‌ ഉയരുമെന്ന പ്രതീക്ഷയിലാണ്‌ സ്‌റ്റോക്കിസ്‌റ്റുകൾ. ഇതിനിടയിൽ തായ്‌ലാൻറ്റിൽ നിന്നുള്ള റബർ കയറ്റുമതി ജനുവരിയിൽ 2.38 ലക്ഷം ടണ്ണായി ഉയർന്നു, തൊട്ട്‌ മുൻവർഷത്തെ അപേക്ഷിച്ച്‌ കയറ്റുമതിയിൽ ആറ്‌ ശതമാനം വർദ്ധന.

ശിവരാത്രിയുടെ അവധി ആലസ്യത്തിലായിരുന്നു നാളികേരോൽപ്പന്ന വിപണി. വിപണിയിൽ ഇന്ന്‌ ഇടപാടുകൾ പുനരാരംഭിച്ചെങ്കിലും വ്യവസായികളിൽ നിന്നുള്ള വാങ്ങൽ താൽപര്യം കുറഞ്ഞ്‌ നിന്നത്‌ കൊപ്രയുടെ മുന്നേറ്റത്തിന്‌ തടസമായി. സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ വെളിച്ചെണ്ണ, കൊപ്ര വിലകൾ സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും വിലയിൽ മാറ്റമില്ല.

ഏലക്ക വിലയിൽ ചെറിയതോതിലുള്ള തിരിച്ചു വരവ്‌. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ലേലത്തിൽ കാണിച്ച താൽപര്യത്തിൽ മികച്ചയിനങ്ങൾ വീണ്ടും 3000 രൂപയ്‌ക്ക്‌ മുകളിൽ ഇടം കണ്ടത്തി. വലിപ്പം കൂടിയയിനങ്ങൾ കിലോ 3029 രൂപയിലും ശരാശരി ഇനങ്ങൾ 2780 രൂപയിലുമാണ്‌. ഇതിനിടയിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അടുത്ത സീസണിൽ ഉൽപാദനത്തെ ബാധിക്കമോയെന്ന ഭീതിയിലാണ്‌ ഒരു വിഭാഗം. വരണ്ട കാലാവസ്ഥ മുൻ നിർത്തി ആഭ്യന്തര വിദേശ വ്യാപാരികൾ ലേലത്തിൽ താൽപര്യം കാണിച്ചു. മൊത്തം 50,022 കിലോ ചരക്കിൽ 49,692 കിലോയും ഇടപാടുകാർ മത്സരിച്ച്‌ ലേലം കൊണ്ടു.