image

15 March 2024 12:04 PM GMT

Commodity

കൊക്കോ കുതിച്ചു; റബര്‍ വിലയും ഉയര്‍ന്നു

MyFin Desk

commodities market rate 15 03 24
X

Summary

  • അഞ്ചാം ഗ്രേഡ് റബര്‍ വില കിലോ 174 രൂപ
  • ചോക്ലേറ്റ് നിര്‍മാതാക്കളില്‍ നിന്നും വന്‍ ഡിമാന്‍ഡ്‌
  • വെളിച്ചെണ്ണയ്ക്ക് കൂടുതല്‍ ആവശ്യകാരെത്തുമെന്ന് പ്രതീക്ഷ


കൊക്കോ സര്‍വകാല റെക്കോര്‍ഡ് വിലയില്‍. ചോക്കളേറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഡിമാന്റ്റില്‍ സംസ്ഥാനത്ത് കൊക്കോ വില കിലോ 610 രൂപ വരെ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം കൊക്കോ വില 220 രൂപ മാത്രമായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം ആഗോള തലത്തില്‍ കൊക്കോ ഉല്‍പാദനം ഗണ്യമായി ഇടിഞ്ഞത് വിലക്കറ്റത്തിന് വഴിതെളിച്ചു. അത സമയം മികച്ച കാലാവസ്ഥ ലഭ്യമായതിനാല്‍ കേരളത്തിലെ കര്‍ഷകര്‍ ഉണക്ക് കൂടിയയിനം ചരക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ചോക്കളേറ്റ് വ്യവസായികളില്‍ നിന്നുള്ള ഡിമാന്റ്റില്‍ കൊക്കോ വില ടണ്ണിന് 8000 ഡോളര്‍ വരെ ഉയര്‍ന്നു.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് കേരളം ഒതുങ്ങുന്ന വേളയില്‍ വെളിച്ചെണ്ണയ്ക്ക് കൂടുതല്‍ ആവശ്യകാരെത്തുമെന്ന പ്രതീക്ഷയിലാണ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കൊപ്രയാട്ട് വ്യവസായികള്‍. ക്രിസ്തുമസിന് ശേഷം മികച്ച വില്‍പ്പന ഈ അവസരത്തില്‍ അവര്‍ കണക്ക് കൂട്ടുന്നു. ഇറക്കുമതി ഭക്ഷ്യയെണ്ണ വില താഴ്ന്നതിനാല്‍ പിന്നിട്ട രണ്ട് മാസങ്ങളില്‍ വെളിച്ചെണ്ണയ്ക്ക് മുന്നേറാന്‍ അവസരം ലഭിച്ചില്ല. അതേ സമയം പാം ഓയില്‍ ഇറക്കുമതി ചുരുങ്ങിയ പശ്ചാത്തലത്തില്‍ ഉത്സവ ദിനങ്ങളില്‍ വെളിച്ചെണ്ണ ചൂടുപിടിക്കാം.

മദ്ധ്യകേരളത്തിലെ റബര്‍ കര്‍ഷകരും സ്‌റ്റോക്കിസ്റ്റുകളും ഈസ്റ്റര്‍ മുന്നില്‍ കണ്ട് അടുത്തവാരത്തില്‍ ഷീറ്റ് വില്‍പ്പനയ്ക്ക് ഇറങ്ങുമെന്ന നിഗമനത്തിലാണ് ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍. സൈക്കിള്‍ ടയര്‍ നിര്‍മ്മാതാക്കളുടെ ഗോഡൗണുകളില്‍ റബര്‍ സ്‌റ്റോക്ക് ചുരുങ്ങിയ സാഹചര്യത്തില്‍ വില ഉയര്‍ത്താന്‍ അവര്‍ കാണിച്ച ഉത്സാഹം അഞ്ചാം ഗ്രേഡ് റബര്‍ വില കിലോ 174 രൂപയിലേയ്ക്ക് ഉയര്‍ത്തി.