13 March 2024 11:56 AM GMT
Summary
- അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 50,500 രൂപ
- ഏലക്ക ലേലത്തില്‍ ഉല്‍പ്പന്ന വിലയില്‍ നേരിയ മുന്നേറ്റം
- ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളിലെ വിലക്കയറ്റം തുടരുന്നു
കുരുമുളക് വില തുടര്‍ച്ചയായ മുന്നാം ദിവസവും ഉയര്‍ന്നത് കാര്‍ഷിക മേഖലയില്‍ വന്‍ ആവേശമുണ്ടാക്കി. ഒരു മാസമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഇടിഞ്ഞതില്‍ പരിഭ്രാന്തരായ ഒരു വിഭാഗം ഉല്‍പാദകരും മദ്ധ്യവര്‍ത്തികളും ചരക്ക് വിറ്റു മാറാന്‍ കാണിച്ച തിടുക്കം വില തകര്‍ച്ചയുടെ ആക്കം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാരം പിറന്ന ശേഷം പ്രമുഖ മാര്‍ക്കറ്റുകളില്‍ കുരുമുളക് വരവിലുണ്ടായ കുറവ് വാങ്ങലുകാരെ നിരക്ക് ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ പ്രേരിപ്പിച്ചു. മുന്ന് ദിവസത്തില്‍ ക്വിന്റ്റലിന് 1300 രൂപ ഉയര്‍ന്ന് കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 50,500 രൂപയായി.
ഏലക്ക ലേലത്തില്‍ ഉല്‍പ്പന്ന വിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി. ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്കു കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞ ഏലക്ക ശരാശരി ഇനങ്ങളുടെ നിരക്ക് ഇന്ന്കിലോ 1400 രൂപയിലേയ്ക്ക് മുന്നേറി. മികച്ചയിനങ്ങള്‍ 2029 രൂപയില്‍ ലേലം നടന്നു. മൊത്തം 39,179 കിലോ ഏലക്കയുടെ ഇടപാടുകള്‍ നടന്നു. കയറ്റുമതി മേഖലയും ആഭ്യന്തര വ്യാപാരികളും ഏലക്ക ലേലത്തില്‍ സജീവമായിരുന്നു.നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. കൊപ്രയാട്ട് മില്ലുകാര്‍ വെളിച്ചെണ്ണ നീക്കം കുറച്ചത് കൊപ്രയ്ക്കു നേട്ടമാകുമെന്ന കണക്ക് കൂട്ടലിലാണ് കാര്‍ഷിക മേഖല. കൊച്ചിയില്‍ കൊപ്ര വില 9200 രൂപ.
ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളിലെ വിലക്കയറ്റം തുടരുന്നു. പ്രമുഖ അവധി വ്യാപാര കേന്ദ്രമായ ജപ്പാനില്‍ റബര്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ 350 യെന്നില്‍ ഇന്ന് വിപണനം നടന്നു. സംസ്ഥാനത്തെ വിപണികളില്‍ റബര്‍ ഷീറ്റിന് നേരിട്ട ക്ഷാമത്തിനിടയിലും ടയര്‍ കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയില്ല. നാലാം ഗ്രേഡ് കിലോ 175 രുപ.