24 April 2024 12:04 PM GMT
Summary
- കേരളത്തില്‍ ഹൈറേഞ്ച് കൊക്കോ കിലോയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1000 രൂപയണ്
- നാലാം ഗ്രേഡ് റബര്‍ വില കിലോ 179 രൂപ
- തായ്‌ലന്റില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും റബര്‍ ഷീറ്റ് വില ഇടിയുന്നു
ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ റബര്‍ കയറ്റുമതി നടത്തുന്ന തായ്‌ലന്റില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഷീറ്റ് വില ഇടിയുന്നു. ബാങ്കോക്കിലെ വില തകര്‍ച്ച വരും മാസങ്ങളില്‍ റബര്‍ കുടുതല്‍ തളര്‍ച്ചയിലയ്ക്കു നീങ്ങാനുള്ള സൂചനയായി വിലയിരുത്തുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റബര്‍ ടാപ്പിങ് പുനരാരംഭിച്ചത് മേയ് മാസത്തില്‍ പുതിയ ഷീറ്റ് ലഭ്യതയ്ക്ക് അവസരം ഒരുക്കും. സ്‌റ്റോക്കിസ്റ്റുകള്‍ വില്‍പ്പനയ്ക്കു നീക്കം തുടങ്ങിയത് അവധി വ്യാപാരത്തില്‍ ഡെലിവറിക്ക് ഓപ്പറേറ്റര്‍മാരെ പ്രേരിപ്പിച്ചാല്‍ അത് ഏഷ്യന്‍ റബറിനെ ദുര്‍ബലമാക്കാം. സംസ്ഥാനത്തെ വിപണികളില്‍ റബര്‍ വരവ് നാമമാത്രമെങ്കിലും വില ഇടിവില്‍ പരിഭ്രാന്തരായി സ്‌റ്റോക്കിസ്റ്റുകള്‍ ഷീറ്റും ലാറ്റക്‌സും വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഇടയുണ്ട്. നാലാം ഗ്രേഡ് റബര്‍ വില കിലോ 179 രൂപ.
രാജ്യാന്തര വിപണിയില്‍ കൊക്കോ വിലയില്‍ അതിശക്തമായ സാങ്കേതിക തിരുത്തല്‍ സംഭവിച്ചെങ്കിലും ഇത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചില്ല. ടണ്ണിന് 12,200 ഡോളറില്‍ നിന്നും കൊക്കോ വില 10,400 ഡോളറായി, രണ്ട് ദിവസത്തില്‍ ടണ്ണിന് 1800 ഡോളര്‍ ഇടിഞ്ഞു. അതേ സമയം കേരളത്തില്‍ ഹൈറേഞ്ച് കൊക്കോ കിലോയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1000 രൂപയണ്.
അടുത്ത മാസം പുതിയ ചരക്ക് കൂടുതലായി എത്തി തുടങ്ങും. മലബാര്‍ മേഖലയില്‍ ഇന്ന് കിലോ 950 രൂപയിലാണ് വ്യാപാരം നടന്നത്.
ഏലം കര്‍ഷകരെയും സ്‌റ്റോക്കിസ്റ്റുകളെയും ആവേശം കൊള്ളിച്ച് ഉല്‍പ്പന്ന വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 2000 രൂപയിലും മികച്ചയിനങ്ങള്‍ 3002 രൂപയിലും കൈമാറ്റം നടന്നു. വരള്‍ച്ച രൂക്ഷമായതിനാല്‍ സീസണ്‍ ആരംഭിക്കാന്‍ കാലതാമസം നേരിടുമെന്ന സൂചന വാങ്ങലുകാരെ വില ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തില്‍ സജീവമായിരുന്നു.