image

5 Jun 2024 11:56 AM GMT

Commodity

ക്രൂഡില്‍ തെന്നി വീണ് റബര്‍; ക്ഷീണം ബാധിച്ച് കുരുമുളക്

MyFin Desk

COMMODITY
X

Summary

  • സ്റ്റോക്കിസ്റ്റുകള്‍ ഏലം ചരക്ക് വില്‍പ്പനയ്ക്ക് ഉത്സാഹിച്ചു.
  • മഴ മൂലം സംസ്ഥാനത്ത് റബര്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല
  • വില കൂടുതല്‍ ഉയരുമെന്ന വിശ്വാസത്തില്‍ കുരുമുളക് ഉല്‍പാദകര്‍


കാലവര്‍ഷം സജീവമായതിനാല്‍ അടുത്ത മാസം പുതിയ ഏലക്ക വിളവെടുപ്പ് പ്രതീക്ഷിച്ച് സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വില്‍പ്പനയ്ക്ക് ഉത്സാഹിച്ചു. ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി ഒരു ലക്ഷം കിലോയില്‍ അധികം ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. കഴിഞ്ഞ മാസത്തെ കനത്ത വരള്‍ച്ചയില്‍ സീസണ്‍ ആരംഭം ആഗസ്റ്റിലേയ്ക്ക് നീളുമെന്ന വിലയിരുത്തലുകള്‍ ഉല്‍പാദകരില്‍ നിന്നുമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ഹൈറേഞ്ചില്‍ മഴമേഘങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് ജൂലൈ രണ്ടാം പകുതിയില്‍ പുതിയ ഏലക്ക സജ്ജമാക്കുമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം ഇടപാടുകാര്‍. അതേ സമയം താഴ്ന്ന വിലയ്ക്ക് ചരക്ക് ഉടനെ ലഭിക്കില്ലെന്ന വിലയിരുത്തലില്‍ വാങ്ങലുകാര്‍ ശരാശരി ഇനങ്ങള്‍ കിലോ 2400 ന് മുകളിലും മികച്ചയിനങ്ങള്‍ 3200 ന് മുകളിലും ശേഖരിച്ചു.

റബര്‍

ക്രൂഡ് ഓയിലിന് നേരിട്ട വില തകര്‍ച്ചയുടെ ആഘാതം റബറിനെയും സ്വാധീനിച്ചതിനാല്‍ നിക്ഷേപകര്‍ പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളില്‍ ലാഭമെടുപ്പിന് ഇന്നും ഉത്സാഹിച്ചു. ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളില്‍ ഇടപാടുകാര്‍ പുതിയ വില്‍പ്പനകള്‍ക്ക് തിടുക്കം കാണിച്ചില്ലെന്നത് ആശ്വാസം പകര്‍ന്നു. അതേ സമയം മഴ മൂലം സംസ്ഥാനത്ത് റബര്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ അവസരം ലഭിക്കാഞ്ഞതിനാല്‍ മദ്ധ്യവര്‍ത്തികള്‍ കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റും ലാറ്റക്സും കുറഞ്ഞ അളവിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബര്‍ 19,400 രൂപയില്‍ നിന്നും 19,500 രൂപയായി. അഞ്ചാം ഗ്രേഡ് 19,200 രൂപയിലും വിപണനം നടന്നു.

കുരുമുളക്

ഹൈറേഞ്ചില്‍ നിന്നുള്ള കുരുമുളക് വരവ് കുറഞ്ഞതിനാല്‍ വാങ്ങലുകാര്‍ രംഗത്ത് നിന്നും അല്‍പ്പം പിന്‍വലിഞ്ഞു. സംഭരണത്തിന് തിടുക്കം കാണിച്ചാല്‍ വില കുതിച്ചു കയറുമെന്ന ആശങ്കയില്‍ പലരും താല്‍കാലികമായി വിപണിയില്‍ നിന്നും അകന്നത്. അതേ സമയം വില കൂടുതല്‍ ഉയരുമെന്ന വിശ്വാസത്തില്‍ ഉല്‍പാദകര്‍ മുളക് പിടിച്ചു. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 300 രൂപ വര്‍ദ്ധിച്ച് 61,300 രൂപയില്‍ വ്യാപാരം നടന്നു.