23 April 2024 11:56 AM GMT
Summary
- കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 55,000 രൂപയില്‍ വ്യാപാരം നടന്നു
- കൊപ്ര 10,050 രൂപയായും വെളിച്ചെണ്ണ 15,300 രൂപയായും കൊച്ചിയില്‍ വില ഉയര്‍ന്നു
- ഇന്ത്യയിലും വിയറ്റ്‌നാമിലും ഉല്‍പാദനം കുറവായതിനാല്‍ വരും മാസങ്ങളില്‍ കുരുമുളക് വില കൂടുതല്‍ ആകര്‍ഷകമായി മാറുമെന്ന് പ്രതീക്ഷ
ഏഷ്യന്‍ റബര്‍ വിപണിയുടെ നെടുംതൂണായ ജപ്പാനിലെ ഒസാക്കാ എക്‌സ്‌ചേഞ്ചില്‍ ഷീറ്റ് വില വീണ്ടും കുറഞ്ഞു. ഇടപാടുകളുടെ വ്യാപ്തി ഉയര്‍ന്ന് നില്‍ക്കുന്ന സെപ്റ്റംബര്‍ അവധിയില്‍ ഇന്ന് കിലോ അഞ്ച് യെന്‍ ഇടിഞ്ഞ് 311 ലേയ്ക്ക് താഴ്ന്നു. ഇതിന്റെ ചുവട് പിടിച്ച് സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളിലും വില്‍പ്പനക്കാര്‍ പിടിമുറുക്കിയതോടെ റബര്‍ ഉല്‍പാദന രാജ്യങ്ങളായ തായ്‌ലന്‍ഡിലും മലേഷ്യയിലും ഷീറ്റിന് തിരിച്ചടി നേരിട്ടു. കനത്ത പകല്‍ ചൂട് മൂലം സംസ്ഥാനത്ത് റബര്‍ ടാപ്പിങ് സ്തംഭിച്ച് രണ്ട് മാസം പിന്നിട്ടമ്പോള്‍ പ്രമുഖ വിപണികള്‍ ചരക്ക് ക്ഷാമത്തിന്റെ പിടിയിലാണെങ്കിലും നിരക്ക് ഉയര്‍ത്തുന്നതിന് ടയര്‍ നിര്‍മ്മാതാക്കള്‍ താല്‍പര്യം കാണിക്കുന്നില്ല. നാലാം ഗ്രേഡ് ഷീറ്റ് വില 18,000 രൂപയില്‍ നിലകൊണ്ടു.
അന്തര്‍ സംസ്ഥാന വ്യാപാരികള്‍ കുരുമുളകിനായി കേരളത്തിലും കര്‍ണാടകത്തിലും ഏജന്റുമാരെ ഇറക്കിയെങ്കിലും കര്‍ഷകര്‍ സ്‌റ്റോക്ക് ഇറക്കാന്‍ തയ്യാറായില്ല. ഇന്ത്യയിലും വിയറ്റ്‌നാമിലും ഉല്‍പാദനം കുറവായതിനാല്‍ വരും മാസങ്ങളില്‍ മുളക് വില കൂടുതല്‍ ആകര്‍ഷകമായി മാറുമെന്ന നിലപാടിലാണ് കാര്‍ഷിക മേഖല. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 55,000 രൂപയില്‍ വ്യാപാരം നടന്നു.
ലേല കേന്ദ്രത്തിലേയ്ക്കുള്ള ഏലക്ക വരവിലുണ്ടായ കുറവ് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നുണ്ടങ്കിലും മത്സരിച്ച് വില ഉയര്‍ത്തുന്നതിനോട് അവര്‍ അനുകൂല നിലപാടിന് തയ്യാറായില്ല. കാര്‍ഡമം ഗ്രാവേഴ്‌സില്‍ നടന്ന ലേലത്തിന് വന്ന 16,768 കിലോഗ്രാം ചരക്ക് പുര്‍ണമായി വിറ്റഴിഞ്ഞങ്കിലും ശരാശരി ഇനങ്ങള്‍ കിലോ 1861 രൂപയിലും മികച്ചയിനങ്ങള്‍ 2781 രൂപയിലും കൈമാറി. നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ നേരിയ മുന്നേറ്റം. കൊപ്ര 10,050 രൂപയായും വെളിച്ചെണ്ണ 15,300 രൂപയായും കൊച്ചിയില്‍ ഉയര്‍ന്നു.