image

28 Sep 2023 11:45 AM GMT

Commodity

ആഗോള താരമായി കാപ്പി; മഴയില്‍ പ്രതീക്ഷ വച്ച് ഏലം

Kochi Bureau

commodities market rate 28 09
X

Summary

  • മഴയില്‍ ഏലം ഉല്‍പാദനം ഉയരും


മഴ കനത്തതോടെ റബര്‍ ഉല്‍പാദന മേഖല വീണ്ടും സ്തംഭിച്ചു. പുലര്‍ച്ചെ മുതലുള്ള ശക്തമായ കാറ്റും മഴയും മൂലം ടാപ്പിങിനുള്ള അവസരം സംസ്ഥാനത്തെ ഒട്ടുമിക്ക ഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് ലഭ്യമായില്ല. കാലാവസ്ഥ വിഭാഗവും അടുത്ത ഏതാനും ദിവസങ്ങളില്‍ മഴ തുടരുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ ഈ വാരം ഇനി റബര്‍ ടാപ്പിങിന് അവസരം ലഭിക്കില്ല. അതേ സമയം ഉല്‍പാദന രംഗത്തെ മാറ്റങ്ങള്‍ കണ്ട് സ്റ്റോക്കിസ്റ്റുകള്‍ വിപണി വില ഉയരുമെന്ന നിഗമനത്തില്‍ ചരക്ക് നീക്കം നിയന്ത്രിക്കുന്നുണ്ടങ്കിലും ടയര്‍ മേഖലയില്‍ നിന്നും കൊച്ചി, കോട്ടയം വിപണികളില്‍ കാര്യമായ ഡിമാന്റ് അനുഭവപ്പെട്ടില്ല. ടയര്‍ നിര്‍മ്മാതാക്കള്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് 14,600 രൂപയ്ക്ക് ശേഖരിച്ചു.

രാജ്യാന്തര വിപണികളില്‍ ഡിമാന്റില്‍ കാപ്പി

ആഗോള വിപണിയില്‍ കാപ്പിക്ക് അനുഭവപ്പെട്ടുന്ന ശക്തമായ ഡിമാന്റ് ദക്ഷിണേന്ത്യന്‍ കര്‍ഷകര്‍ക്ക് മികച്ച ഭാവിയാണ് വിലയിരുത്തുന്നത്. രാജ്യാന്തര തലത്തില്‍ റോബസ്റ്റ കാപ്പിക്ക് ആവശ്യം ഉയരുന്നത് കണക്കിലെടുത്താല്‍ വരും വര്‍ഷങ്ങളില്‍ ആവശ്യം കൂടുതല്‍ ശക്തമാക്കും. ലോക വിപണിയില്‍ റോബസ്റ്റ കാപ്പിക്ക് നിലവിലുള്ള ആവശ്യം കണക്കിലെടുത്താല്‍ ഇന്ത്യയില്‍ കാപ്പി കൃഷിക്ക് കൂടുതല്‍ സാധ്യതകയാണ് വിലയിരുത്തുന്നത്. കേരളത്തിലും കര്‍ണാടകത്തിലും കൃഷി വികസന നീക്കം ഉല്‍പാദകര്‍ക്ക് ഗുണകരമാവും. വയനാട്ടില്‍ ഉണ്ട കാപ്പി വില 7200 രൂപയിലും കാപ്പി പരിപ്പ് 22,700 രൂപയിലുമാണ്.

മഴയില്‍ ഏലം ഉല്‍പാദനം ഉയരും

മികച്ചയിനം ഇനം ഏലക്ക വില ഇന്ന് 2496 രൂപയായും ശരാശരി ഇനങ്ങള്‍ 1827 രൂപയായും ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. ഏലം ഉല്‍പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തില്‍ 65,000 കിലോ ചരക്ക് വന്നതില്‍ 62,000 കിലോയും വിറ്റഴിഞ്ഞു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും പല അവസരത്തിലും ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചു. ഇതിനിടയില്‍ കാലവര്‍ഷം വീണ്ടും സജീവമായത് ഏലതോട്ടങ്ങളില്‍ വരും മാസങ്ങളില്‍ ഉല്‍പാദനം ഉയരാന്‍ അവസരം ഒരുക്കും.