15 Feb 2024 11:57 AM GMT
Summary
- കേരളത്തിലും കര്‍ണാടകത്തിലും കാപ്പി വിളവെടുപ്പ് പൂര്‍ത്തിയായി
- ഏല പ്രവാഹത്തില്‍ ലേല കേന്ദ്രങ്ങള്‍
- കുരുമുളക് വില കുറഞ്ഞു
ആഗോള ഡിമാന്റില്‍ കുതിച്ചു കയറിയ കാപ്പി വില താഴ്ന്ന് തുടങ്ങി. മുഖ്യ കയറ്റുമതി രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം രണ്ട് മാസങ്ങളില്‍ ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതാണ് നിരക്ക് കുറയാന്‍ കാരണം. ഇതിനിടയില്‍ ചില രാജ്യങ്ങളിലെ കാലാവസ്ഥ കാപ്പി കൃഷിക്ക് അനുകൂലമായെന്ന റിപ്പോര്‍ട്ടും ഉല്‍പ്പന്ന വിലയില്‍ പ്രതിഫലിക്കും. കേരളത്തിലും കര്‍ണാടകത്തിലും കാപ്പി വിളവെടുപ്പ് ഏതാണ്ട് പൂര്‍ത്തിയാവുന്നു.
കട്ടപ്പനയില്‍ ഉണ്ടക്കാപ്പി കിലോ 148 രൂപയിലും പരിപ്പ് 250 രൂപയിലും വിപണനം നടന്നു. വയനാട്ടില്‍ 54 കിലോ കാപ്പി കുരു 8500 രൂപയിലും പരിപ്പ് 27,500 രൂപയിലുമാണ് വിറ്റത്.
ഏലം
ഏലം ഉല്‍പാദന മേഖലയില്‍ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 86,463 കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തി. വിളവെടുപ്പ് വേള അവസാനിച്ചിട്ടും ലേലത്തില്‍ ചരക്ക് പ്രവഹിച്ചത് വാങ്ങലുകാര്‍ നേട്ടമാക്കി. മികച്ചയിനങ്ങള്‍ക്ക് 2000 രൂപയുടെ നിര്‍ണായക താങ്ങ് വില ഈ അവസരത്തില്‍ നഷ്ടമായി.
കുരുമുളക്
കുരുമുളക് വില ഇടിവ് കണ്ട് ഒരു വിഭാഗം മദ്ധ്യവര്‍ത്തികള്‍ സ്റ്റോക്ക് വിറ്റുമാറാന്‍ മത്സരിച്ചു. പുതിയ കുരുമുളക് വരവ് തുടങ്ങിയെന്ന ഒറ്റകാരണത്തില്‍ ചുരുങ്ങിയ ആഴ്ച്ചകളില്‍ മുളക് വില ക്വിന്റ്റലിന് 4000 രൂപ ഇടിഞ്ഞത് സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തരാക്കി. പ്രതിദിന ശരാശരി വരവ് 35 ടണ്ണാണ്, മുന്‍വാരം വരവ് 50 ടണ്ണിലേയ്ക്ക് ഉയര്‍ന്നിരുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കിലോ 541 രൂപയാണ്.