20 Nov 2023 12:36 PM GMT
Summary
- കാര്‍ഷിക മേഖല തുലാമഴയുടെ ഗതിവിഗതികള്‍ വീക്ഷിക്കുകയാണ്.
കുരുമുളക് വിപണിയുടെ കണക്ക് കൂട്ടലുകള്‍ പാടെ തകര്‍ത്ത് കൊണ്ട് കഴിഞ്ഞവാരം ക്വിന്റ്റലിന് 1100 രൂപ വര്‍ദ്ധിച്ചത് അന്തര്‍സംസ്ഥാന വാങ്ങലുകാരെ ഞെട്ടിച്ചു. ദീപാവലിക്ക് ശേഷം ഇത്തരം ഒരു ശക്തമായ കുതിച്ചു ചാട്ടം മുളക് വിലയില്‍ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ പ്രതീക്ഷിച്ചതല്ല. ദീപാവലി മുഹൂര്‍ത്ത കച്ചവടത്തില്‍ ഉടലെടുത്ത ബുള്‍ റാലി തുടര്‍ന്നുള്ള ദിവസങ്ങളിലും വിപണി നിലനിര്‍ത്തിയത് കാര്‍ഷിക മേഖലയെ ആവേശം കൊള്ളിച്ചു. മുഴുപ്പ് കൂടി ഇനങ്ങള്‍ക്ക് ക്ഷാമം നേരിട്ടതാണ് വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ ഉത്തരേന്ത്യക്കാരെ പ്രേരിപ്പിച്ചത്. നേരത്തെ മൂന്ന് ആഴ്ചകളിലായി ക്വിന്റ്റലിന് 2700 രൂപ ഇടിഞ്ഞ അവസരത്തിലാണ് വിപണി ചൂടുപിടിച്ചത്. വിലക്കയറ്റത്തിനിടയിലും ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ കുരുമുളക് കാര്യമായി വില്‍പ്പനയ്ക്ക് ഇറങ്ങിയില്ല. കാര്‍ഷിക മേഖല തുലാമഴയുടെ ഗതിവിഗതികള്‍ വീക്ഷിക്കുകയാണ്. മഴ കുരുമുളക് കൊടികളിലെ തിരികളെ ദോഷകരമായി ബാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്ന ശേഷം ചരക്ക് ഇറക്കാമെന്ന നിലപാടിലാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 58,800 രൂപ.
ശബരിമല വ്രതക്കാലം കാത്ത് നാളികേരം
മണ്ഡല കാലത്തിന് തുടക്കം കുറിച്ചതോടെ ശബരി മല തീര്‍ത്ഥാടകരില്‍ നിന്നും നാളികേരത്തിന് ഡിമാന്റ് പ്രതീക്ഷിക്കുകയാണ് വിപണി. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും നാളികേര ശ്രദ്ധിക്കപ്പെട്ടാല്‍ അത് കൊപ്ര വിലയില്‍ പ്രതിഫലിക്കും. അതേ സമയം എണ്ണ വിപണിയിലെ മാന്ദ്യം മുന്നില്‍ കണ്ട് വ്യവസായികള്‍ കൊപ്ര സംഭരണം കുറിച്ചതിനൊപ്പം സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റിക്കാനുള്ള തിടുക്കത്തിലാണ്. ഇതിനിടയില്‍ താങ്ങ് വിലയ്ക്ക് സംഭരിച്ച കൊപ്ര നാഫെഡ് വില്‍പനയ്ക്ക് ഇറക്കാന്‍ ഒരുങ്ങുന്നതും ഉല്‍പാദന മേഖല ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
ഏലം നീക്കം നിയന്ത്രിക്കാന്‍ കര്‍ഷകര്‍
ഏലം ഉല്‍പാദനം ഉയരുകയാണെങ്കിലും ലേലത്തില്‍ വില്‍പ്പനക്കാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് നിരക്ക് ഉയരാതെ വന്നതോടെ ചരക്ക് നീക്കം നിയന്ത്രിക്കാന്‍ ഒരു വിഭാഗം കര്‍ഷകര്‍ നീക്കം തുടങ്ങി. ഇന്നത്തെ ലേലത്തിന് എത്തിയ 48,467 കിലോഗ്രാം ഏലക്കയില്‍ 46,796 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര ഡിമാന്റ്റില്‍ ശരാശരി ഇനങ്ങള്‍ കിലോ 1460 മികച്ചയിനങ്ങള്‍ 2278 രൂപയിലും കൈമാറി.