image

21 May 2024 12:08 PM GMT

Commodity

പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍; നാളികേരോല്‍പ്പന്നങ്ങള്‍ക്ക് തളര്‍ച്ച

MyFin Desk

പ്രതീക്ഷയോടെ റബര്‍ കര്‍ഷകര്‍;  നാളികേരോല്‍പ്പന്നങ്ങള്‍ക്ക് തളര്‍ച്ച
X

Summary

  • അന്താരാഷ്ട്ര റബര്‍ അവധി വ്യാപാരത്തില്‍ മാന്ദ്യം
  • ബാങ്കോക്കില്‍ ഷീറ്റ് വില വീണ്ടും ഉയര്‍ന്നത് ഉല്‍പാദകരുടെ ആത്മവിശ്വാസം കൂട്ടി
  • കൊപ്രയുടെ ലഭ്യത ഉയര്‍ന്നതിനാല്‍ മില്ലുകാര്‍ സംഭരണം കുറച്ചു


രാജ്യാന്തര റബര്‍ അവധി വ്യാപാരത്തിലെ മാന്ദ്യം കണ്ട് ടയര്‍ നിര്‍മ്മാതാക്കള്‍ ഏഷ്യന്‍ വിപണികളില്‍ നിന്നും അല്‍പ്പം അകന്നു. റബര്‍ അവധി നിരക്കുകളില്‍ തളര്‍ച്ച അനുഭവപ്പെട്ടങ്കിലും കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് വില വീണ്ടും ഉയര്‍ന്നത് ഉല്‍പാദകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് കിലോ 205 രൂപയായി കയറിയപ്പോള്‍ കേരളത്തില്‍ മികച്ചയിനം റബര്‍ കിലോ 184 രൂപയില്‍ വ്യാപാരം നടന്നു. ഒട്ടുപാല്‍ വില കിലോ 112 ല്‍ നിന്നും 115 ലേയ്ക്ക് ഉയര്‍ന്നു.

നാളികേരോല്‍പ്പന്നങ്ങള്‍ക്ക് തളര്‍ച്ച. അയല്‍ സംസ്ഥാനങ്ങളില്‍ കൊപ്രയുടെ ലഭ്യത ഉയരുന്നത് കണ്ട് വ്യവസായികള്‍ ചരക്ക് സംഭരണത്തില്‍ വരുത്തിയ നിയന്ത്രണം മൂലം കാങ്കയത്ത് വില 9425 രൂപയായി താഴ്ന്നു. പ്രതിസന്ധി മുന്നില്‍ കണ്ട് മില്ലുകാര്‍ എണ്ണ വില്‍പ്പനയ്ക്ക് തിടുക്കം കാണിക്കുന്നുണ്ട്, കൊച്ചിയില്‍ കൊപ്ര വില 100 രൂപ കുറഞ്ഞ് 10,000 രൂപയായി.

ഉല്‍പാദകരും സ്റ്റോക്കിസ്റ്റുകളും ലേലത്തിനുള്ള ഏലക്ക നീക്കം കുറച്ചിട്ടും വിലയില്‍ അനുകുല തരംഗം ഉടലെടുത്തില്ല. ശാന്തന്‍പാറയില്‍ ഇന്ന് നടന്ന ലേലത്തില്‍ വരവ് 20,471 കിലോയില്‍ ഒതുങ്ങിയപ്പോള്‍ ഇടപാടുകാര്‍ 19,969 കിലോയും വാങ്ങി കൂട്ടിയിട്ടും ശരാശരി ഇനങ്ങള്‍ കിലോ 1916 രൂപയിലും മികച്ചയിനങ്ങള്‍ 2528 രൂപയിലും നിലകൊണ്ടു.