18 March 2025 6:19 PM IST
Summary
- റബര്‍ വില 200ലെത്തി
- നാളികേര ഉല്‍പ്പാദനം ചുരുങ്ങി
അന്താരാഷ്ട്ര റബര്‍ വിലകള്‍ വീണ്ടും ഉയര്‍ന്നു. മഴ കനത്തതോടെ കയറ്റുമതി രാജ്യമായ തായ്‌ലാന്‍ഡ് ഷീറ്റ് കിലോ 209 രൂപയായി ഉയര്‍ത്തി. ബാങ്കോക്കിലെ വിലക്കയറ്റം കണ്ട് ഫണ്ടുകള്‍ ഏഷ്യന്‍ റബര്‍ അവധി വ്യാപാരത്തില്‍ നിക്ഷേപത്തിനിങ്ങി. ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ നിരക്ക് ഉയര്‍ത്താന്‍ കാണിച്ച ഉത്സാഹം നാലാം ഗ്രേഡ് ഷീറ്റ് 20,000 രൂപയിലേയ്ക്കും അഞ്ചാം ഗ്രേഡ് 19,600 രൂപയിലേയ്ക്കും അടുപ്പിച്ചു.
ആഗോള നാളികേര ഉല്‍പാദനം കുറഞ്ഞത് വിലക്കയറ്റം ശക്തമാക്കുന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നാളികേര ലഭ്യത ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ വിലയിരുത്തല്‍. വെളിച്ചെണ്ണയ്ക്ക് ഭക്ഷ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഡിമാന്റ്് ഉയരുന്നത് രാജ്യാന്തര വിപണിക്ക് അനുകൂലമാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇക്കുറി നാളികേര ഉല്‍പാദനം കാലാവസ്ഥ വ്യതിയാനം മൂലം ചുരുങ്ങി. ബഹുരാഷ്ട്ര കമ്പനികളും വന്‍കിട കൊപ്രയാട്ട് വ്യവസായികളും കൊപ്ര മാര്‍ക്കറ്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വില റെക്കോര്‍ഡായ 24,400 രൂപയായി ഉയര്‍ന്നു.
അന്തരീക്ഷ താപനിലയിലെ മാറ്റം ഏലം കര്‍ഷകരുടെ ആത്മവിശ്വാസം ഉയര്‍ത്തി. തുടര്‍ മഴ ലഭിച്ചാല്‍ ശരങ്ങള്‍ കരുത്ത് തിരിച്ചു പിടിക്കുമെന്ന ആശ്വാസത്തിലാണ് ഉല്‍പാദന മേഖല. കനത്ത വേനല്‍ മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും കര്‍ഷകര്‍ പന്തല്‍ ഒരുക്കി ഏലതോട്ടങ്ങള്‍ക്ക് സംരക്ഷണം നല്‍ക്കുന്നുണ്ട്.
ഇന്ന് രണ്ട് ലേലങ്ങളിലായി മൊത്തം 65,000 കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി. കാലാവസ്ഥ മാറ്റം സ്റ്റോക്കിസ്റ്റുകളെ സ്വാധീനിച്ചാല്‍ വരവ് ഉയരാന്‍ ഇടയുണ്ട്.
മാസത്തിന്റെ ആദ്യ പകുതിയില്‍ മൂവായിരം രൂപയുടെ താങ്ങ് ശരാശരി ഇനങ്ങള്‍ക്ക് നഷ്ടമായി, ഇപ്പോള്‍ മികച്ചനയിനങ്ങള്‍ക്കും 3000 രൂപയുടെ താങ്ങ് കൈമോശം വന്നു. വിദേശത്ത് നിന്നും ആഭ്യന്തര വിപണികളില്‍ നിന്നും ഏലത്തിന് ശക്തമായ ഡിമാന്റുണ്ടായിട്ടും കരുത്ത് നഷ്ടപ്പെടുകയാണ്. ഇന്ന് മികച്ചയിനങ്ങള്‍ 2921 രൂപയായും ശരാശരി ഇനങ്ങള്‍ 2532 രൂപയായും ഇടിഞ്ഞു.